fgfgvfg

അരൂർ: മൂന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും തീരദേശപാതയിലെ അരൂർ റെയിൽവേ സ്റ്റേഷന് അവഗണനമാത്രം. 1989ലാണ് എറണാകുളം– കായംകുളം തീരദേശ പാത തുറന്നത്. തീരദേശ ജനതയുടെ യാത്ര ദുരിതം പരിഹരിക്കാൻ അന്നത്തെ എം.പി ആയിരുന്ന വക്കം പുരുഷോത്തമൻ മുൻകൈയെടുത്താണ് പാത സാദ്ധ്യമാക്കിയത്. എന്നാൽ,​

36 വർഷം പിന്നിട്ടിട്ടും വികസനം എത്തി നോക്കാത്ത ഏക സ്റ്റേഷനാണ് അരൂർ.

സ്റ്റേഷന് സ്വന്തമായി ഒരു ടിക്കറ്റ് കൗണ്ടർ പോലുമില്ല. ഏജൻസി വഴിയാണ് ടിക്കറ്റ് വിതരണം. ഫ്ലാറ്റ് ഫോമിന് മേൽക്കൂര ഇല്ലാത്തതിനാൽ മഴയും വെയിലുമേറ്റുവേണം യാത്രക്കാർ ട്രെയിൻ കാത്തുനിൽക്കാൻ.മൂന്നോ നാലോ പാസഞ്ചർ തീവണ്ടികൾക്ക് മാത്രമാണ് ഇവിടെ സ്റ്റോപ്പുള്ളത്.

കൊച്ചിയുടെ ഉപഗ്രഹ നഗരമായ ചേർത്തലയിലെ വ്യവസായ നഗരമായ അരൂർ നിവാസികളുടെ ഏക ആശ്രയം ഇപ്പോഴും പാസഞ്ചർ ട്രെയിനുകളാണെന്ന് ചുരുക്കം.

വ്യവസായ കേന്ദ്രമായ അരൂരിൽ കെൽട്രോൺ കൺട്രോൾസ്,സീഫുഡ്പാർക്ക് മറ്റ് മത്സ്യ സംസ്‌ക്കരണ ശാലകളിലായി ആയിരത്തിലേറെ തദ്ദേശീയരും പതിനായിരത്തോളം അന്യസംസ്ഥാന തൊഴിലാളികളും ജോലി ചെയ്യുന്നുണ്ട്. ഇവർ സമീപ ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളെയാണ് ആശ്രയിക്കുന്നത്.

ദീർഘദൂര തീവണ്ടികൾക്ക് സ്റ്റോപ്പില്ല

1.കഴിഞ്ഞ 36 വർഷമായി അരൂർ റെയിൽവേ സ്റ്റേഷനിൽ ഒരു ദീർഘദൂര തീവണ്ടിക്ക് പോലും സ്റ്റോപ്പ് അനുവദിച്ചിട്ടില്ല.ഉദ്യോഗസ്ഥരടക്കമുള്ള യാത്രക്കാർ പുലർച്ചെ 5.45 നുള്ള ദീർഘദൂര തീവണ്ടിയിൽ ഇടം പിടിക്കാൻ 14 കിലോമീറ്റർ യാത്ര ചെയ്ത് തുറവൂർ വരെ എത്തണമെന്നതാണ് നിലവിലെ സ്ഥിതി

2.ലോക ടൂറിസം ഭൂപടത്തിൽ ഇടം പിടിച്ച കുമ്പളങ്ങി ഗ്രാമപഞ്ചായത്ത് പോലും ദൂര യാത്രയ്ക്ക് ആശ്രയിക്കുന്നത് അരൂരിനെയാണ്.നിർമ്മാണം അന്തിമഘട്ടത്തിലായ കുമ്പളങ്ങി- അരൂർ കെൽട്രോൺ പാലം സാദ്ധ്യമാകുമ്പോൾ നൂറ് മീറ്റർ മാത്രം അകലെയുള്ള അരൂർ റെയിൽവേ സ്റ്റേഷനെ അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്

3. എറണാകുളത്തിന് തൊട്ടടുത്ത നഗരം എന്നനിലയിൽ അരൂർ ഒരുപാട് മുന്നോട്ടു പോയെങ്കിലും റെയിൽവേ വികസനം മാത്രം തുടങ്ങിയ ഇടത്ത് നിൽക്കുന്നു. തീരദേശ പാത ഇരട്ടിപ്പിക്കൽ ജോലികൾ പുരോഗമിക്കുമ്പോൾ അരൂർ റെയിൽവേ സ്റ്റേഷന്റ വികസനത്തെ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്

അരൂർ റെയിൽവെ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം. ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാൻ നടപടിവേണം

-എൻ.പി.ഷിബു,സെക്രട്ടറി, സി.പി.എം അരൂർ ഏരിയ കമ്മിറ്റി

കേരളത്തിലെ വിവിധ സ്റ്റേഷനുകളുടെ വികസന പ്രവർത്തനങ്ങൾ നടന്നു വരികയാണ്. അരൂരിന്റെ വികസനം കേന്ദ്ര റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് സാദ്ധ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കും. -അഡ്വ.പി.കെ.ബിനോയ്,പ്രസിഡന്റ്,

ബി.ജെ.പി ആലപ്പുഴ നോർത്ത് ജില്ലാ കമ്മിറ്റി