pol

ആലപ്പുഴ : പൊലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന പ്രയാസങ്ങളും പ്രതിസന്ധികളും മനസ്സിലാക്കുന്നതിന് കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ആവിഷ്ക്കരിച്ച 'നമുക്കും പറയാം' പദ്ധതിക്ക് ആലപ്പുഴയിൽ തുടക്കമായി. ജില്ലയിലെ 53 യൂണിറ്റുകളിൽ അസോസിയേഷൻ ഭാരവാഹികൾ നേരിട്ട് സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കും. ഈ മാസം 14 വരെയാണ് യൂണിറ്റ്തല വിവരശേഖരണം. അതിന് ശേഷം ജില്ലാ പൊലീസ് മേധാവി പങ്കെടുക്കുന്ന ജില്ലാ സെമിനാറിൽ വിഷയങ്ങൾ അഭിസംബോധന ചെയ്യപ്പെടും. സംസ്ഥാന തലത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ഗൗരവമേറിയ വിഷയങ്ങൾ ഡി.ജി.പി പങ്കെടുക്കുന്ന യോഗത്തിൽ ചർച്ച ചെയ്യും. പൊലീസ് മേഖലയിലെ തൊഴിൽ സംഘർഷങ്ങളുടെയും മാനസിക പിരിമുറുക്കങ്ങളുടെയും അടിസ്ഥാന കാരണങ്ങൾ കണ്ടെത്തി പ്രശ്ന പരിഹാരങ്ങളിലേക്ക് എത്തിക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പൊലീസുകാരെ നേരിൽ കണ്ട് സംവാദതലത്തിൽ വിവരശേഖരണം നടത്തുന്നുവെന്നതാണ് പ്രത്യേകത.

'നമുക്കും പറയാം' പദ്ധതിക്ക് തുടക്കം

കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ്‌ കെ.പി.ധനീഷിന്റെ നേതൃത്വത്തിൽ ചേർത്തല, സ്പെഷ്യൽ യൂണിറ്റ്, ആലപ്പുഴ സബ് ഡിവിഷനുകളിലും, ജില്ലാ സെക്രട്ടറി സി.ആർ.ബിജുവിന്റെ നേതൃത്വത്തിൽ കായംകുളം, അമ്പലപ്പുഴ, ചെങ്ങന്നൂർ സബ് ഡിവിഷനുകളിലുമാണ് സംഘം പര്യടനം നടത്തുന്നത്. ജില്ലാ തലത്തിലെ ആദ്യ പരിപാടി ഇന്നലെ പുന്നപ്ര സ്റ്റേഷനിൽ ഇൻസ്‌പെക്ടർ മഞ്ജുദാസ് ഉദ്ഘാടനം ചെയ്തു. ആദ്യ ദിവസം പുന്നപ്ര, അമ്പലപ്പുഴ, തോട്ടപ്പള്ളി കോസ്റ്റൽ, അരൂർ, കുത്തിയത്തോട്, പട്ടണക്കാട് സ്റ്റേഷനുകളിലാണ് പരിപാടി നടന്നത്.