തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ നാട്ടുകാർ
ചെന്നിത്തല : 15 വർഷത്തിലേറെയായി തകർന്നുകിടക്കുന്ന റോഡ് നവീകരിക്കാത്തതിൽ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാനൊരുങ്ങി നാട്ടുകാർ. കായംകുളം - തിരുവല്ല സംസ്ഥാന പാതയെയും തട്ടാരമ്പലം - മാന്നാർ റോഡിനെയും ബന്ധിപ്പിക്കുന്ന, ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്തിലെ പ്രധാന പാതയായ ചെറുകോൽ-ശാസ്താംപടി റോഡിൽ മാവിലേത്ത് ജംഗ്ഷൻ മുതൽ ചാല മഹാദേവ ക്ഷേത്രം വരെയുള്ള തകർന്നു കിടക്കുന്ന ഭാഗം പുനർ നിർമ്മാണം നടത്താത്തതിലാണ് നാട്ടുകാർ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ 10, 11, 12, 13 വാർഡുകളിലുടെ കടന്നു പോകുന്ന 4 കി.മീ ദൈർഘ്യം വരുന്ന ചെറുകോൽ-ശാസ്താംപടി റോഡിലെ ചാല മഹാദേവക്ഷേത്രം മുതൽ പടിഞ്ഞാറോട്ട് ശാസ്താംപടി വരെയുള്ള ഭാഗം ഒരു വർഷം മുമ്പ് പുനർ നിർമ്മാണം നടത്തിയിരുന്നുചാല മഹാദേവക്ഷേത്രം മുതൽ കിഴക്കോട്ട് ചെറുകോൽ മാവിലേത്ത് ജംഗ്ഷൻ വരെയുള്ള ഭാഗം ഏറെ ദുർഘടാവസ്ഥയിലാണ്. എസ്.എൻ.ഡി.പി 141-ാം നമ്പർപുത്തൻ കോട്ടക്കകം ശാഖാ ഗുരുക്ഷേത്രം, സെന്റ് പീറ്റേഴ്സ് മാർത്തോമ പളളി, ചെറുകോൽ ശാസ്താക്ഷേത്രം, ചാല മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള ഈ പ്രധാന റോഡ് റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുവാനാണ് തീരുമാനമെന്ന് എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് പ്രഭാകരൻ നായർ, എസ്.എൻ.ഡി.പി യോഗം ശാഖ പ്രസിഡൻറ് പങ്കജാക്ഷൻ, ജോൺ ബഹനാൻ തോപ്പിൽ, ജോൺസൺ കറുകത്തറയിൽ, സജി മേച്ചേരിൽ, കോമളൻ കുറ്റിയിൽ, ബേബി മാത്യു കല്ലിക്കാട്ട്, ബീന എന്നിവർ പറഞ്ഞു.
പൊതു മരാമത്ത് വകുപ്പ് 36 ലക്ഷം രൂപ എസ്റ്റിമേറ്റ് തയ്യാറാക്കി നിർമ്മാണ അനുമതി ലഭിച്ചെങ്കിലും ടെണ്ടർ നടപടികൾ വൈകുന്നതാണ് റോഡിന്റെ പുനർ നിർമ്മാണം നീളുന്നതെന്ന് ഗ്രാമ പഞ്ചായത്തംഗങ്ങളായ ജി.ജയദേവ്, ഗോപൻ ചെന്നിത്തല, കീർത്തി വിപിൻ, ഷിബു കിളിയമ്മൻതറയിൽ എന്നിവർ അറിയിച്ചു.
തകർന്നിട്ട് ഒന്നര പതിറ്റാണ്ട്
റോഡിലെ കുഴികളിൽ വീണ് ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവാണ്
മഴയെത്തിയാൽ യാത്ര കൂടുതൽ ദുർഘടമാകും.പതിനഞ്ചോളം സ്കൂൾ ബസുകൾ ഈ റോഡിലൂടെ കടന്നു പോകുന്നുണ്ട്
ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്തിലെ 10, 11, 12, 13 വാർഡുകളിലുടെ കടന്നുപോകുന്ന താണ് റോഡ്
പഞ്ചായത്ത് നാലു വാർഡുകളുടെ പദ്ധതിവിഹിതം ചേർത്ത് 12 ലക്ഷം രൂപ വകയിരുത്തി നിർമാണം തുടങ്ങാനിരിക്കെ റോഡ് പൊതുമരാമത്തു വകുപ്പ് ഏറ്റെടുത്തു