ആലപ്പുഴ: ശോചനീയാവസ്ഥയിലായ മുനിസിപ്പൽ ലൈബ്രറിയിൽ അറ്റകുറ്റപ്പണി ഉടൻ ആരംഭിക്കും. ഇതിന് മുന്നോടിയായി ലൈബ്രറിയിലെ പുസ്തകങ്ങൾ മറ്റൊരിടത്തേക്ക് മാറ്റാൻ അനുമതി നൽകുന്നത് നഗരസഭ കൗൺസിലിന്റെ പരിഗണനയിലാണ്. അവലൂക്കുന്നിലുള്ള വനിതാശ്രീ മന്ദിരത്തിലേക്ക് പുസ്തകങ്ങൾ മാറ്റാനാണ് നീക്കം. കൗൺസിലിന്റെ അംഗീകാരം ലഭിച്ചാൽ ഇത് നടപ്പാക്കി ടെൻഡർ നടപടികളിലേക്ക് കടക്കും. തിരഞ്ഞെടുപ്പിന് മുമ്പ് നിർമ്മാണം ആരംഭിക്കാനാണ് ലക്ഷ്യം.

നഗരചത്വരത്തിന് സമീപമുള്ള കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലുള്ള ലൈബ്രറി ചോർന്നൊലിക്കുന്ന നിലയിലായിരുന്നു. ഭിത്തികൾ വിണ്ടുകീറുകയും ചെയ്തു.

ഇവയെല്ലാം പരിഹരിക്കുന്നതിനായി 10 ലക്ഷം രൂപയാണ് നഗരസഭ വകയിരുത്തിയത്. ഇവിടെ പ്രവർത്തിച്ചിരുന്ന റീഡിംഗ് റൂം ഇരുമ്പ് പാലത്തിനു പടിഞ്ഞാറുവശമുള്ള പഴയ നഗരസഭ കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു.

കെട്ടിടത്തിന്റെ ശോചനീയാസ്ഥ പരിഹരിക്കുന്നതിന് കഴിഞ്ഞ രണ്ടുതവണ ടെൻഡർ നടപടികളാരംഭിച്ചെങ്കിലും കരാർ ഏറ്റെടുക്കാൻ ആരും തയ്യാറായിരുന്നില്ല. ലൈബ്രറിയുടെ ഓഫീസായി പ്രവർത്തിച്ചിരുന്ന മുറിയുടെ മേൽക്കൂര മാസങ്ങൾക്ക് മുമ്പ് ഇളകി വീണതോടെ ആ മുറി പൂട്ടി ഇവിടെ ഉണ്ടായിരുന്ന പുസ്തകങ്ങൾ റീഡിംഗ് റൂമിലേക്കും അടുത്ത മുറിയിലേക്കും മാറ്റിയിരുന്നു.

പുസ്തകങ്ങൾ മാറ്റും

 ചോർച്ചയിൽ നശിച്ച മേൽക്കൂരയിലെ ഷീറ്റുകൾ മാറ്റി സ്ഥാപിക്കും

 വിണ്ടുകീറിയ ഭിത്തിയുടെ കേടുപാടുകൾ പരിഹരിക്കും

 ടോയ്‌ലെറ്റിന്റെ അറ്റകുറ്റപ്പണികൾ നടത്തും

 ലൈബ്രറിയിലെ തറ പൊളിച്ച് ബലപ്പെടുത്തും

അനുവദിച്ച തുക

10 ലക്ഷം