palam

ആലപ്പുഴ: കോടതിപ്പാലം നവീകരണ ജോലികൾ പുരോഗമിക്കുന്നതിനിടെ കനാലിന്റെ വടക്കേക്കരയിലെ മത്സ്യകന്യകയുടെ പ്രതിമ നീക്കം ചെയ്യൽ അനിശ്ചിതമായി നീളുന്നു. പ്രതിമ നീക്കം ചെയ്യാനായി സമർപ്പിച്ച ടെണ്ടറിൽ കിഫ് ബിയുടെ തീരുമാനം വൈകുന്നതാണ് തടസം.പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ രണ്ട് പില്ലറുകളുടെ പൈലിംഗ് ഉൾപ്പെടെയുളള ജോലികളാണ് ഇത് കാരണം തടസപ്പെട്ടിരിക്കുന്നത്. കിഫ് ബിക്ക് ആഴ്ചകൾക്ക് മുമ്പ് സമർപ്പിച്ച കരാറിൽ തീരുമാനം കൈക്കൊണ്ടാൽ മാത്രമേ പ്രതിമ അവിടെ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് നീക്കിയശേഷം പൈലിംഗ് ആരംഭിക്കാനാകൂ. മത്സ്യ കന്യക പ്രതിമയുടെ ഭാഗത്തെ രണ്ടും കോടതിപ്പാലത്തിന്റെ മദ്ധ്യഭാഗത്തുള്ള മൂന്നും പില്ലറുകളുടെ പൈലിംഗാണ് വടക്കേക്കരയിൽ ഇനി ശേഷിക്കുന്നത്.അഞ്ച് പില്ലറുകളുടെ പൈലിംഗും കോൺക്രീറ്റും പൂർത്തിയാക്കിയാൽ റിഗ് ഉൾപ്പെടെയുളള യന്ത്രങ്ങൾ തെക്കേക്കരയിലെത്തിച്ച് നിർമ്മാണം വേഗത്തിലാക്കാൻ കഴിയും. പ്രതിമയുടെ പേരിൽ വടക്കേക്കരയിലെ നിർമ്മാണം അനന്തമായി നീളുന്നത് തെക്കേക്കരയിലെ ജോലികളെയും ബാധിക്കുന്നുണ്ട്. ഇരുകരകളിലുമായി 168 പില്ലറുകളാണ് നിർമ്മിക്കാനുള്ളത്. ഇതിൽ 76 എണ്ണത്തിന്റെ പൈലിംഗ് ജോലികളാണ് പൂർത്തിയായത്. പൈലിംഗ് പൂർത്തിയായ സ്ഥലങ്ങളി പില്ലറുകളുടെ കോൺക്രീറ്റ് ഉൾപ്പെടെയുള്ള ഘട്ടങ്ങളിലേക്ക് നീങ്ങണം. പില്ലറുകൾക്ക് മീതെ സ്ഥാപിക്കേണ്ട ഗർഡറുകളുടെ നിർമ്മാണവും വടക്കേക്കരയിൽ പുരോഗമിക്കുന്നുണ്ട്. നിർമ്മാണ സ്ഥലത്തുതന്നെയാണ് ഗർഡറുകളും കോൺക്രീറ്റ് ചെയ്യുന്നത്. ഇവ പില്ലറുകൾക്ക് മീതെ സ്ഥാപിക്കുന്നതിനായി ക്രെയിനുകൾ പ്രവർത്തിപ്പിക്കാനുള്ള ഇരുമ്പ് പാളങ്ങളുൾപ്പെടെ വടക്കേക്കരയിലെത്തിയിട്ടുണ്ട്. തെക്കേക്കരയിൽ ഔട്ട് പോസ്റ്ര് മുതൽ കോടതിപ്പാലം വരെയുള്ള ഭാഗത്ത് രണ്ട് റിഗുകളുടെ സഹായ്തതോടെ പൈലിംഗ് പുരോഗമിച്ചുവരികയാണ്.

കിഫ് ബിയുടെ തീരുമാനം വൈകുന്നു

#കമ്പനിയുമായി കരാറിലേർപ്പെടുകയും നിർമ്മാണത്തിന് തുടക്കം കുറിക്കുകയും ചെയ്ത് മാസങ്ങൾ പിന്നിട്ടെങ്കിലും വിവിധ കാരണങ്ങളാൽ പണികൾ വേഗത്തിലാക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്

#ഏറ്റവും ഒടുവിൽ നടന്ന വിലയിരുത്തൽ യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്യുകയും ജില്ലാ വികസന സമിതിയോഗത്തിൽ മത്സ്യകന്യകയുടേതുൾപ്പെടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് അറിയിച്ചെങ്കിലും എം.എൽ.എ മാരുടെ അസാന്നിദ്ധ്യത്തിൽ ഇക്കാര്യങ്ങളൊന്നും ചർച്ചയ്ക്ക് വന്നില്ല

# വൈദ്യുതി ലൈനുകളും വാട്ടർ അതോറിട്ടി പൈപ്പ് ലൈനുകളും കേബിളുകളും നീക്കം ചെയ്ത സ്ഥലങ്ങളിൽ പഴയ റോഡ് പൂർണമായും അടച്ച് പണി വേഗത്തിലാക്കാനാണ് കരാർ കമ്പനിയുടെ തീരുമാനം

# പ്രതിമ നീക്കം ചെയ്യൽ ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഉടൻ തീരുമാനം വേണമെന്നും നിർമ്മാണം വേഗത്തിലാക്കണമെന്നുമാണ് കരാർ കമ്പനിയുടെയും കെ.ആർ.എഫ്.ബിയുടെയും ആവശ്യം