dgvxfvcfv-

ചേപ്പാട് : ചേപ്പാട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കോലടത്തു തറയിൽ ചക്കനാട്ട് റോഡിന്റെ പുനർനിർമാണത്തിന്റെ ഭാഗമായി ഒരു വശത്ത് ഓട നിർമ്മിക്കുവാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ. എതിർവശത്തുനിന്ന് കാറോ സ്കൂൾ ബസോ വന്നാൽ സ്‌കൂട്ടർ യാത്രക്കാരനുപോലും സൈഡ് കൊടുക്കാൻ കഴിയാത്ത റോഡിന്റെ വശത്ത് ഓട നിർമ്മിക്കുന്നത് അശാസ്ത്രീയമാണെന്നാണ് നാട്ടുകാരുടെ ആരോപണം. കഴിഞ്ഞ ദിവസം നാട്ടുകാരുടെ വിയോജിപ്പ് വകവയ്ക്കാതെ തൊഴിലുറപ്പ് തൊഴിലാളികളെക്കൊണ്ടും ജെ.സി.ബി ഉപയോഗിച്ചും ഓടക്കുവേണ്ടി കുഴിയെടുത്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് പൗരസമിതി അംഗങ്ങളായ രഞ്ജിത് കൊയ്പ്പള്ളിൽ, ഹരീഷ് കുമാർ പൊരീക്കൽ, വിജയകുമാരക്കുറുപ്പ് മഞ്ഞാടിയിൽ, രഘുനാഥൻ, ചെറുവല്ലൂർ വടക്കതിൽ. ജയശ്രീ സദാശിവൻ കണ്ണങ്കര,സജീവ് തുരുത്തിയിൽ കിഴക്കതിൽ എന്നിവർ കുഴിയിൽ വാഴവച്ച് പ്രതിഷേധിച്ചു. മണ്ണെടുത്ത കുഴിയിൽ വീണുള്ള അപകടവും പതിവാകുകയാണ്.

റോഡ്സൈഡിലെ വൈദ്യുതപോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ സ്ഥലമില്ലാത്തത്തിനാൽ അവ ഓടക്കുള്ളിൽത്തന്നെ നിലനിറുത്തണമെന്ന ഭീഷണി ഉയർത്തുന്നുണ്ട്. റോഡിന്റെ പുനർനിർമ്മാണം എത്രയും വേഗത്തിൽ പൂർത്തിയാക്കണമെന്നും അനാവശ്യമായി ഓടനിർമ്മിക്കുവാനുള്ള തീരുമാനത്തിൽനിന്ന് പഞ്ചായത്ത് അധികൃതർ പിന്മാറണമെന്നാണ് നാട്ടുകാരുടെ ആവശ്യം.