ആലപ്പുഴ: ദേശാടന പക്ഷിക്കാലമെന്ന് കേൾക്കുമ്പോൾ ആലപ്പുഴക്കാർക്ക് പേടിയാണ്. പക്ഷിപ്പനിയാണ് അതിന് കാരണം.
നഗരത്തിലെ മരങ്ങളിൽ തമ്പടിക്കുന്ന ദേശാടന പക്ഷികളുടെ കാഷ്ഠമാണ് മറ്റൊരു തലവേദന. മൃഗസംരക്ഷണ വകുപ്പിന്റെയും സർക്കാരിന്റെയും കർശന നിയന്ത്രണത്തിൽ പക്ഷിപ്പനി ഭീഷണിയൊഴിഞ്ഞെങ്കിലും കാഷ്ഠ പ്രശ്നം അങ്ങനെ തന്നെ തുടരുകയാണ്. നഗരമദ്ധ്യത്തിലെ മരങ്ങളിൽ ചേക്കേറിയിട്ടുള്ള നൂറുകണക്കിന് നീർക്കാക്കയും കൊക്കും എരണ്ടകളും കാരണം മനുഷ്യന് വഴിനടക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. നഗര ഹൃദയപ്രദേശങ്ങളായ വൈ.എം.സി.എ, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, മുല്ലയ്ക്കൽ, ഔട്ട് പോസ്റ്റ്, കെ.എസ്.ആർ.ടി.സി, ഫയർ സ്റ്റേഷൻ, കോടതി പരിസരം എന്നിവിടങ്ങളിലെല്ലാം പക്ഷികളെ ഭയന്ന് തലയിൽ കൈവച്ച് നടക്കേണ്ട അവസ്ഥയാണ്. തണൽപറ്റി മരച്ചുവട്ടിൽ ബസ് കാത്ത് നിൽക്കുന്നവർ പക്ഷി കാഷ്ഠം വസ്ത്രത്തിലും ശരീരത്തും വീണ് അസഹ്യമായ ഗന്ധത്തോടെ യാത്രചെയ്യേണ്ട സ്ഥിതിയാണ് .അടയിരിക്കുന്ന പക്ഷി ഒഴികെ പകൽ സമയങ്ങളിൽ കൂടുവിട്ടുപോകുന്ന പക്ഷികൾ വൈകുന്നേരങ്ങളിൽ കൂട്ടത്തോടെ തിരികെ വരുമ്പോഴാണ് വഴിയാത്രക്കാരും വാഹനങ്ങളും വിസർജ്യത്തിൽ മുങ്ങുന്നത്.
റോഡ് വക്കിൽ പൈപ്പുപോലും ഇല്ലാത്തതിനാൽ പലരും കുപ്പിവെള്ളം വാങ്ങിയോ ഹോട്ടലുകളിലോ കടകളിലോ കയറി പരസഹായത്തോടെയാണ് പലരും കാഷ്ഠം കഴുകിക്കളയുന്നത്. കനാലുകളിലെയും കായലിലെയും മത്സ്യങ്ങളെയും മറ്റും ജീവികളെയും ഭക്ഷിക്കുന്ന ഇവറ്റകളുടെ കാഷ്ഠത്തിന് അസഹ്യമായ ദുർഗന്ധമാണ്. ചിലർക്ക് കാഷ്ഠം വീഴുന്ന ഭാഗത്ത് ചെറിച്ചിലും അനുഭവപ്പെടാറുണ്ട്.
വഴിമുടക്കി പക്ഷി കാഷ്ഠം
 കോടതിപ്പാലം നവീകരണ പദ്ധതിയുടെ ഭാഗമായി വാടക്കനാലിന്റെ ഇരുകരകളിലെയും മരങ്ങൾ വൈ.എം.സി.എ പാലം മുതൽ കോടതിപ്പാലം വരെ മുറിച്ചുനീക്കിയെങ്കിലും മറ്റ് സ്ഥലങ്ങളിലെ മരങ്ങളിൽ ഇപ്പോഴും പക്ഷികളുണ്ട്.
 കച്ചവട സ്ഥാപനങ്ങൾക്ക് പോലും പക്ഷി കാഷ്ഠം ഭീഷണിയാണ്. സ്കൂൾ വിദ്യാർത്ഥികളും പക്ഷി കാഷ്ഠത്തിന്റെ ഇരകളാണ്.
 മരച്ചുവടുകളിൽ വാഹനം പാർക്ക് ചെയ്ത് നഗരവും കണ്ട് ബോട്ട് സവാരിയും കഴിഞ്ഞ് തിരികെ എത്തുമ്പോൾഗ്ളാസ് ഉൾപ്പടെ വാഹനമാകെ വെള്ളക്കാഷ്ഠം മൂടുന്ന സ്ഥിതിയാണ്.
......................................
''പക്ഷികളുടെ താവളമായി മാറിയ നഗരത്തിൽ പക്ഷികാഷ്ഠം ഭയന്നാണ് ആളുകൾ യാത്ര ചെയ്യുന്നത്. മരങ്ങളിൽ പക്ഷികളുള്ളതറിയാതെ തണൽനോക്കി അവയുടെ ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരും അപരിചിതരുമാണ് അബദ്ധത്തിൽപ്പെടുന്നത്
- ജെറി ജോർജ്, വിനോദ സഞ്ചാരി