thakarnna-road

ചെന്നിത്തല: പതിനഞ്ച് വർഷത്തിലേറെയായി തകർന്നു കിടക്കുന്ന ചെറുകോൽ മാവിലേത്ത് മുക്ക് -ചാല മഹാദേവ ക്ഷേത്രം റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നടത്തിവരുന്ന പ്രതിഷേധ സമരങ്ങൾ കൂടുതൽ ശക്തമാക്കാൻ സമര സമിതി തീരുമാനിച്ചു. പ്രതിഷേധം കൂടുതൽ ശക്തമാക്കുന്നതിനൊപ്പം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും സ്ഥലം എം.എൽ.എയും മന്ത്രിയുമായ സജി ചെറിയാനും നിവേദനങ്ങൾ സമർപ്പിക്കുവാനുമാണ് തീരുമാനം. റോഡ് സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുമെന്ന് പ്രദേശവാസികൾ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ചെന്നിത്തല-തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിലെ 10,11,12,13 വാർഡുകളിലൂടെ കടന്നു പോകുന്ന പ്രധാനപാതയായ ചെറുകോൽ- ശാസ്താംപടി റോഡിൽ മാവിലേത്ത് ജംഗ്ഷൻ മുതൽ ചാല മഹാദേവ ക്ഷേത്രം വരെയുള്ള തകർന്നു കിടക്കുന്ന ഭാഗം പുനർനിർമ്മാണം നടത്താത്തതിലാണ് നാട്ടുകാർ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് പ്രഭാകരൻനായർ, എസ്.എൻ.ഡി.പി യോഗം ശാഖാപ്രസിഡന്റ് പങ്കജാക്ഷൻ, ജോൺബഹനാൻ തോപ്പിൽ, ജോൺസൺ കറുകത്തറയിൽ, സജി മേച്ചേരിൽ, കോമളൻ കുറ്റിയിൽ, ബേബി മാത്യു കല്ലിക്കാട്ട്, ബീന തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരങ്ങൾക്ക് തുടക്കമായത്.

..........

#രാഷ്ട്രീയ നാടകംമെന്ന് ബിജെപി.

ചെറുകോൽ മാവിലേത്ത് - ചാല ക്ഷേത്രം റോഡിന്റെ തകർച്ചയിൽ പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധം യഥാർത്ഥ വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് ബി.ജെ.പി ആരോപിച്ചു. 2024-25 വർഷം അനുവദിച്ച സി.എഫ്.സി ഫണ്ടിൽ നിന്നും 10,11,12,13 വാർഡുകൾക്കായി ലഭ്യമായ 3ലക്ഷം വീതം 12ലക്ഷം രൂപ റോഡ് നിർമ്മാണത്തിനായി വിനിയോഗിക്കാൻ വാർഡ് മെമ്പർമാർ ഒന്നിച്ച് തീരുമാനിക്കുകയും ടെണ്ടർ നടപടികളിലേക്ക് കടന്നതുമാണ്. ബി.ജെ.പി മെമ്പർമാർക്ക് ലഭ്യമായ ഫണ്ട് നഷ്ടപ്പെടുത്തിക്കൊണ്ട് പൊതുമരാമത്ത് വകുപ്പിനെ ഉപയോഗപ്പെടുത്തി ഇത്തരമൊരു രാഷ്ടീയ നാടകം നടത്തിയതെന്തിനെന്ന് തുറന്ന് പറയാൻ എം.എൽ.എ ഓഫീസ് തയ്യാറാകണമെന്നും ബി.ജെ.പി ചെന്നിത്തല കിഴക്കൻ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്തംഗവും ബി.ജെ.പി ചെന്നിത്തല കിഴക്കൻ മേഖല പ്രസിഡന്റുമായ ദീപാരാജൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്തംഗങ്ങളായ ഗോപൻ ചെന്നിത്തല, ജി.ജയദേവ്, കീർത്തി വിപിൻ, ബി.ജെ.പി ജില്ലാ സെക്രട്ടറി സജുകുരുവിള, മണ്ഡലം വൈസ് പ്രസിഡന്റ് പ്രവീൺ പ്രണവം, ജനറൽ സെക്രട്ടറി ബിനുരാജ്.വി എന്നിവർ പങ്കെടുത്തു.

...........

"36 ലക്ഷത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കി അനുമതി ലഭിച്ചുവെന്ന് അവകാശപ്പെടുന്ന റോഡ് നിർമ്മാണം എത്രയും വേഗം പൂർത്തീകരിക്കാൻ പൊതുമരാമത്ത് വകുപ്പും ചെന്നിത്തല പഞ്ചായത്ത് ഭരണ സമിതിയും തയ്യാറാകാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കും

-പ്രവീൺ പ്രണവം, ബി.ജെ.പി മാന്നാർ മണ്ഡലം വൈസ് പ്രസിഡന്റ്