ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നത് ഉൾപ്പെടെയുള്ള അപേക്ഷകളും ആക്ഷേപങ്ങളും 14 വരെ www.sec.kerala.gov.in ൽ ഓൺലൈനായി നൽകാം. 2025 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ് തികഞ്ഞവർക്ക് വോട്ടർപട്ടികയിൽ പേരു ചേർക്കാം. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് ഫോറം 4 ലും വോട്ടർ പട്ടികയിലെ വിവരങ്ങൾ തിരുത്തുന്നതിന് ഫോറം 6 ലും ഒരു വോട്ടറുടെ പേരുവിവരം ഒരു വാർഡിൽ നിന്ന് മറ്റൊരു വാർഡിലേക്ക് മാറ്റുന്നതിന് ഫോറം നമ്പർ 7 ലും അപേക്ഷ നൽകാം. അന്തിമ വോട്ടർപട്ടിക 25 ന് പ്രസിദ്ധീകരിക്കും. പൊതുജനങ്ങൾ ഈ അവസരം പരാമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.