
മാന്നാർ : മാന്നാറിന്റെ കാർഷികാഭിവൃദ്ധിക്ക് ഏറെ ഗുണകരമായ മുക്കം-വാലേൽ ബണ്ടിന്റെ നിർമ്മാണം പുനരാരംഭിക്കാത്തത് നെൽ കർഷകരെ നിരാശയിലാക്കുന്നു. ആറു മാസത്തിലേറെയായി നിലച്ച നിർമ്മാണ പ്രവർത്തനങ്ങൾ അടുത്ത കൃഷിഒരുക്കമായിട്ടും പുനരാരംഭിക്കാത്തത് നെൽ കർഷകരെ ഏറെ പ്രതിസന്ധിയിലാക്കുന്നു. മന്ത്രി സജി ചെറിയാന്റെ ശ്രമഫലമായി സംസ്ഥാന സർക്കാർ അനുവദിച്ച് നബാർഡിൽ നിന്നുമുള്ള 5.70 കോടിരൂപ ചെലവഴിച്ച് നിർമ്മിക്കുന്നതാണ് 5.5 കി.മീറ്റർ നീളം വരുന്ന മുക്കം-വാലേൽ ബണ്ട് റോഡിൽ രണ്ട് വർഷം എത്തുമ്പോൾ 1.5 കി.മീ ദൂരത്തിൽ മാത്രമാണ് ഉയരം കൂട്ടാനും സംരക്ഷണ ഭിത്തികെട്ടാനും കഴിഞ്ഞത്. അഞ്ച് കലുങ്കുകൾ നിർമ്മിക്കേണ്ട പദ്ധതിയിൽ മീൻകുഴിവേലി, വട്ടപണ്ടാരി എന്നീ കലുങ്കുകൾ മാത്രമാണ് നിർമ്മാണം പൂർത്തീകരിച്ചത്.കർഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം 2023 നവംബറിൽ മന്ത്രി പി.പ്രസാദാണ് നിർമ്മാണോദ്‌ഘാടനം നിർവഹിച്ചത്. എന്നാൽ പണികൾ പലതവണ നിർത്തിവച്ചു. ഒരോതവണയും നിറുത്തിവക്കുമ്പോൾ മന്ത്രി സജി ചെറിയാന്റെ ഇടപെടലുകൾമൂലം വീണ്ടും തുടങ്ങും. ഈ വർഷമാദ്യം പണികൾ നിറുത്തിവച്ചപ്പോൾ മന്ത്രിമാരായ സജി ചെറിയാന്റേയും പി.പ്രസാദിന്റെയും നേതൃത്വത്തിൽ ഉദ്യാഗസ്ഥരും കർഷക പ്രതിനിധികളുടെയും കരാറുകാരന്റെയും യോഗം സെക്രട്ടേറിയറ്റിൽ വിളിക്കുകയും വീണ്ടും പണികൾ തുടങ്ങുകയും ചെയ്തു. എന്നാൽ ഏപ്രിൽ മാസത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ നിലക്കുകയായിരുന്നു. എസ്റ്റിമേറ്റിൽ വരുത്തിയ ഭേദഗതികൾക്ക് അംഗീകാരം ലഭിക്കുന്നതിലുളള കാലതാമസമാണ് പ്രവൃത്തികൾ നിറുത്തിവയ്ക്കാൻ കാരണമായത്.
........................
#പ്രതീക്ഷയോടെ അപ്പർ കുട്ടനാടൻ കാർഷിക മേഖല
കുരട്ടിശ്ശേരിയിലെ നാലുതോട്, കുടവള്ളാരി-എ, കുടവള്ളാരി-ബി, കണ്ടങ്കേരി, വേഴത്താർ, അരിയോടിച്ചാൽ, ഇടപ്പുഞ്ച കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ 7 പാടശേഖരങ്ങളുടെ പുറംബണ്ടിലൂടെയാണ് 5500 മീറ്റർ നീളമുള്ള മുക്കം-വാലേൽ ബണ്ട് കടന്നുപോകുന്നത്.ഇലമ്പനം തോടിന്റെ നവീകരണവും തകർന്നു കിടക്കുന്ന മൂർത്തിട്ട -മുക്കാത്താരി ബണ്ട് റോഡ് നിർമ്മാണവും യാഥാർത്ഥ്യമാകുന്നതോടെ അപ്പർ കുട്ടനാടൻ കാർഷിക മേഖല അഭിവൃദ്ധിപ്പെടുന്നതോടൊപ്പം ഫാം ടൂറിസവും സാദ്ധ്യമാകും. അപ്പർ കുട്ടനാടൻ മേഖലയിൽ അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ സംഭവിക്കുന്ന കൃഷിനാശത്തിനും തടയിടാനാകും.