ചേർത്തല:പട്ടണക്കാട് പൊന്നാംവെളിയിൽ പ്രവർത്തിക്കുന്ന കേരള ബാങ്കിന്റെ പട്ടണക്കാട് ശാഖ വയലാർ കവലയിൽ നിർമ്മിക്കുന്ന കെട്ടിടത്തിലേയ്ക്ക് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് റോഡ് ഉയർത്തുകയും സർവീസ് റോഡും അതിന് അരികിലെ ഭിത്തിയും ഉയർന്നതിനാൽ ബാങ്കിന്റെ മുൻവശം മഴവെള്ളം കെട്ടി നിന്ന് വഴി നിറയെ ചെളിയും കുഴിയും കല്ലും മറ്റും നിറഞ്ഞുകിടക്കുന്നതിനാൽ ബാങ്കിലേയ്ക്ക് പോകുന്ന പല ഇടപാടുകാരും കുഴിയിൽ വീഴുന്നതും അപകടം സംഭവിക്കുന്നതും നിത്യ സംഭവമാണ്. ഇതുമൂലം ഇടപാടുകാർക്ക് ബാങ്കിലേയ്ക്ക് എത്തുന്നതിന് വളരെയധികം പ്രയാസം നേരിടുന്നു. പകൽ ബാങ്കിൽ കറന്റ് ഇല്ലാത്ത സമയത്ത് ജനറേറ്ററും മറ്റും പ്രവർത്തിക്കാത്ത സാഹചര്യത്തിൽ ശാഖ ഇരുട്ട് മൂടിക്കിടക്കുന്നു. ഇടപാടുകാർക്ക് ജീവനക്കാരെ പലപ്പോഴും തിരിച്ചറിയാൻ പോലും കഴിയുന്നില്ല.വയലാർ കവലയിലെ പുതിയ കെട്ടിടം കേരള ബാങ്ക് പട്ടണക്കാട് ശാഖയ്ക്കു വേണ്ടി പണി പൂർത്തിയായിട്ടും ശാഖ പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റാത്തതിൽ ഇട പാടുകാരിൽ പ്രതിഷേധം ശക്തമാവുകയാണ്. എത്രയും വേഗം കേരള ബാങ്കിന്റെ പട്ടണക്കാട് ശാഖ വയലാർ കവലയിലെ പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റണമെന്ന് ഇടപാടുകാർ ആവശ്യപ്പെടുന്നു.