
കുട്ടനാട് : കനോയിംഗ് , കയാക്കിംഗ് മത്സരങ്ങളിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഉൾപ്പെടെ നേട്ടങ്ങൾ കൊയ്യുമ്പോഴും പരിമിതികൾക്ക് നടുവിൽ കൈനകരി ഓപലെവ് വാട്ടർ സ്പോർട്സ് അക്കാദമി. കൈനകരി കുപ്പപ്പുറം എം.എൽ.എ ജെട്ടിക്ക് സമീപം 2014ൽ രണ്ടു കുട്ടികളുമായി വാട്ടർ സ്പോട്സ് രംഗത്ത് പരിശീലനം ആരംഭിച്ച അക്കാദമി പിന്നീട് ദേശിയതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടും വിധം വളർന്നു.
അലീന സുനിൽ, അക്ഷയ സുനിൽ, മേഘ പ്രദീപ് തുടങ്ങിയ അന്താരാഷ്ട്രതാരങ്ങളെ വാർത്തെടുത്ത ഇവിടെ 75ഓളം കുട്ടികളാണ് ഇപ്പോൾ കോച്ച് സുനിൽ വെളുത്തേരി, അന്തർദേശിയ താരം എൻ.പ്രദീപ് എന്നിവരുടെ കീഴിൽ വിവിധ ഇനങ്ങളിൽ പരിശീലനം നടത്തുന്നത്.
പുണ്യം മലയാളി വനിതാ കൂട്ടായ്മ, ഗോകുലം ഗോപാലൻ, മുൻ സബ് കളക്ടർ സൂരജ് ഷാജി, യു.ബി .സി ക്യാപ്റ്റൻ പത്മകുമാർ പുത്തൻപുരയ്ക്കൽ, കെ.ഇ കാർഗിൽ കമ്പനി ഉടമ എം.ഒ വർഗ്ഗീസ് തുടങ്ങിയ ഒരുപറ്റം അഭ്യുദയകാംക്ഷികളുടെ സഹകരണം കൊണ്ടു മാത്രമാണ് പരിമിതികൾക്കിടയിലും സ്ഥാപനത്തിന് ഒരു പരിധി വരെ പിടിച്ചു നില്ക്കാനായത്.
പരിശീലിക്കുന്നത് 75 താരങ്ങൾ
പരിശീലനം നല്കാനാവശ്യമായ ഭൗതികസാഹചര്യം ഇല്ല. കുറഞ്ഞത് 5 സെന്റ് ഭൂമിയെങ്കിലും വേണം
75 ഓളം കുട്ടികൾക്ക് പരിശീലനം നല്കുവാനായുള്ളത് 20 വള്ളങ്ങൾ മാത്രം
ഡ്രാഗൺ ബോട്ട് അഫിലിയേഷൻ ലഭിച്ചെങ്കിലും മത്സരത്തിൽ പങ്കെടുക്കുന്നതിന് വേണ്ട വള്ളങ്ങളില്ല
സാങ്കേതിക ഉപകരണങ്ങളുടെ അഭാവവും പ്രവർത്തനത്തെ ബാധിക്കുന്നു
സംസ്ഥാന സർക്കാരോ സായിപോലുള്ള സ്ഥാപനങ്ങളോ സഹകരണം നല്കാൻ തയ്യാറായാൽ അന്താരാഷ്ട്ര രംഗത്ത് തന്നെ വലിയ നേട്ടങ്ങൾ സ്വന്തമാക്കാനാകും
- ബി.കെ,വിനോദ്, അക്കാദമി പ്രസിഡന്റ്