ചാരുംമൂട് :കോൺഗ്രസ് നേതാക്കൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് സി.പി.എം. കോൺഗ്രസ് പാലമേൽ മണ്ഡലം കമ്മിറ്റി ഓഫീസ് നിർമ്മിക്കാനെന്ന വ്യാജേന നൂറനാട് ജംഗ്ഷന് തെക്കുവശത്തായുള്ളകെ.ഐ.പി വക സ്ഥലം ഏതാനും മാസം മുമ്പ് കോൺഗ്രസ് നേതാക്കന്മാർ കൈയേറി മണ്ണ് കടത്തിയതായാണ് സി.പി.എം ആരോപിക്കുന്നത്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ പേരിലുണ്ടെന്ന് പറയപ്പെടുന്ന മുക്കാൽ സെന്റോളം ഭൂമിയോട് ചേർന്നുള്ള സ്ഥലത്തുനിന്നാണ് മണ്ണ് നീക്കം ചെയ്തതെന്നും സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ വസ്തുവും ഇവർ കൈയേറിയതായും കാട്ടി സി.പി.എം ടൗൺ ബ്രാഞ്ച് സെക്രട്ടറി ശ്രീനി കല്ലിട്ടതിലും സമീപ വസ്തു ഉടമയായ വിജയനും നൂറനാട് എസ്.എച്ച്.ഒ യ്ക്കും റവന്യൂ അധികൃതർക്കും പരാതി നൽകി. കോൺഗ്രസ് നേതാക്കന്മാർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്ന് സി.പി.എം പാലമേൽ തെക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. നൗഷാദും ആവശ്യപ്പെട്ടു.