ആലപ്പുഴ: ഹൗസ് ബോട്ടിലെ ടേബിൾ ഗ്ലാസ് പൊട്ടിയതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ വിനോദ സഞ്ചാരി കുഴഞ്ഞുവീണ് മരിച്ചു. ചെന്നൈ അജീസ് മുഹമ്മദ് ഗൗസ് സ്ട്രീറ്റ് ഓൾഡ് വാഷർമെൻഗേറ്റ് സ്വദേശി സുൽത്താൻ (48) ആണ് മരിച്ചത്. ഇന്നലെ രാവിലെ 8.30ന് പുന്നമടയ്ക്ക് സമീപം ജോസഫ് ജോണിന്റെ ഉടമസ്ഥതയിലുള്ള കാലിപ്സ് എന്ന ഹൗസ് ബോട്ടിലായിരുന്നു സംഭവം. തിങ്കളാഴ്ച രാവിലെ 30 പേരടങ്ങുന്ന കുടുംബാംഗങ്ങൾക്കൊപ്പമാണ് സുൽത്താൻ ഹൗസ് ബോട്ട് യാത്രയ്ക്ക് എത്തിയത്. യാത്ര കഴിഞ്ഞ് ഇറങ്ങാൻ നേരം സഞ്ചാരികൾ ടേബിൾ ഗ്ലാസ് പൊട്ടിച്ചുവെന്ന് ബോട്ട് ജീവനക്കാർ ആരോപിച്ചു. ഇതിനച്ചൊല്ലി ഇരുകൂട്ടരും കൈയേറ്റം ഉണ്ടാവുകയും ഇതുകണ്ട് ഭയന്ന സുൽത്താൻ കുഴഞ്ഞുവീഴുകയുമായിരുന്നു. സംഭവത്തിൽ കസേരയ്ക്ക് അടിയേറ്റ ഹൗസ് ബോട്ട് ജീവനക്കാരൻ അഭിജിത്തിന് പരിക്കേറ്റു.

സുൽത്താന് നേരത്തെ രണ്ടുതവണ ഹൃദയാഘാദം ഉണ്ടായിട്ടുള്ളതായി ടൂറിസം പൊലീസ് പറഞ്ഞു. സംഭവത്തിൽ നോർത്ത് പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്തു.