lll

ആലപ്പുഴ: ആലപ്പുഴക്കാരായ സഹോദരിമാരുടെ മട്ടുപ്പാവ് കൃഷിയെ പ്രശംസിച്ച് ഇറ്റാലിയൻ മാസിക. കേരളത്തിൽ നി‌ർബന്ധമായും കണ്ടിരിക്കേണ്ട ഇടമെന്നാണ് ആലപ്പുഴ വട്ടയാൽ വാർ‌ഡ് പുത്തൻവീട് പുരയിടത്തിൽ ഫരീദ മൻസിലിൽ സഹോദരിമാരായ ഫരീദയുടെയും ഫാദിയയുടെയും കൃഷിത്തോട്ടത്തെ ഇറ്റാലിയൻ യാത്രാവിവരണ മാസിക വിശേഷിപ്പിച്ചിരിക്കുന്നത്. 850 ചതുരശ്രമീറ്റർ വലുപ്പമുള്ള വീടിന്റെ ടെറസിൽ ഓർമ്മവച്ച നാൾ മുതൽ അച്ഛൻ ഫിറോസിന്റെ പാത പിന്തുടർന്ന് കൃഷി ചെയ്യുകയാണ് സെന്റ് ജോസഫ്സ് ഗേൾസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ഫരീദയും മൂന്നാം ക്ലാസുകാരി ഫാദിയയും. ജൈവകൃഷി പ്രചാരകനും വനമിത്ര പുരസ്‌ക്കാര ജേതാവുമായ ഫിറോസ് അഹമ്മദാണ് മക്കളെ കൃഷിയിലേക്കിറക്കിയത്. വിഷരഹിത പച്ചക്കറി ഉത്പാദനം കുരുന്നിലെ എന്ന മുദ്രാവാക്യവുമായി 'എന്റെ കുട്ടിത്തോട്ടം എന്റെ അഭിമാനം' എന്ന പേരിൽ ഫരീദയും ഫാദിയയും വീട്ടിലെ ടെറസിൽ അഞ്ചാംഘട്ട കൃഷി ആരംഭിച്ചിരിക്കുകയാണ്. കോളിഫ്ലവർ, കാബോജ്, മയിൽപ്പീലി ചീര, വ്ലാത്താങ്കര ചീര, പടവലം, പയർ, കൂർക്ക, ഇഞ്ചി, പച്ചമുളക്, തക്കാളി, വഴുതന, വെള്ളരി, കാന്താരി, തണ്ണിമത്തൻ എന്നിവയാണ് കൃഷിചെയ്യുന്നത്. അടുക്കളമാലിന്യവും, തട്ടുകടകളിൽ നിന്ന് ശേഖരിക്കുന്ന മുട്ടത്തോടുമാണ് വളം. സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ 2024-25ലെ മികച്ച മട്ടുപ്പാവ് കൃഷിക്കുള്ള പുരസ്‌കാരം, അലപ്പുഴ നഗരസഭയുടെ മികച്ച കുട്ടി കർഷകർക്കുള്ള പ്രഥമ പുരസ്‌ക്കാരം ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ സഹോദരിമാർ സ്വന്തമാക്കിയിട്ടുണ്ട്.