
ആലപ്പുഴ: നിയമം കാറ്റിപ്പറത്തി ആലപ്പുഴയിൽ അനധികൃതമായി ഓടുന്ന ഹൗസ് ബോട്ടുകളെ തടയാനുറച്ച് ഓൾ കേരള ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ കോർ കമ്മിറ്റി. മറ്റ് പോർട്ടുകളിൽ രജിസ്റ്റർചെയ്ത വള്ളങ്ങൾ വേമ്പനാട് കായലിലും പരിസരത്തും സർവിസ് നടത്താൻ അനുവദിക്കില്ല. ഇത് സംബന്ധിച്ച് പരാതി നൽകിയിട്ടും നടപടിയെടുക്കാത്ത സാഹചര്യത്തിൽ ഇന്ന് രാവിലെ 10ന് പുന്നമട ഫിനിഷിംഗ് പോയിന്റിലാണ് തടയൽസമരം. പരമ്പരാഗത ഹൗസ് ബോട്ടുകളുടെയും ടൂറിസത്തിന്റെ ഭാവിയെയും ഇല്ലാതാക്കുന്ന രീതിയിലാണ് അന്യപോർട്ടുകളിൽ രജിസ്റ്റർ ചെയ്ത ഹൗസ് ബോട്ടുകളുടെ പ്രവർത്തനം. ഇത്തരത്തിൽ അശാസ്ത്രീയമായി സർവീസുകൾ രണ്ട് വർഷത്തിലധികമായി നടക്കുന്നു. സർക്കാർ സംവിധാനവും കണ്ണടക്കുകയാണ്. മറ്റ് പോർട്ടുകളിൽ രജിസ്റ്റർ ചെയ്ത വള്ളങ്ങൾ ഓടിക്കാൻ ആദ്യം തുറമുഖവകുപ്പ് എതിരായിരുന്നു. രണ്ടുവർഷമായാണ് ഇത്തരത്തിൽ അനുമതി നൽകുന്നത്.എല്ലാ മാനദണ്ഡങ്ങളും പാലിച്ച് ജില്ലയിൽ പ്രവർത്തിക്കുന്ന അംഗീകൃത ബോട്ടുടമകളുടെ പ്രവർത്തനത്തിനും വരുമാന നഷ്ടത്തിനും ഇത് ഇടയാക്കുന്നു. ആലപ്പുഴ രജിസ്‌റ്റേർഡ് ബോട്ടുടമകൾ സംയുക്തമായാണ് നിയമലംഘനം നടത്തി ഓടുന്ന ബോട്ടുകൾ തടയുന്നത്.സംയുക്തസമരസമിതി നേതാക്കളായ ജി. വേണുഗോപാൽ, വി.വിനോദ്, കുഞ്ഞുമോൻ മാത്യു, ഗ്രിഗറി വർഗീസ്, ആർ.ബാബു, ജോസ് കളപ്പുരക്കൽ എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.
എതിർക്കുമെന്ന്
ഓണേഴ്‌സ് സമിതി
അതേസമയം, ഹൗസ്‌ബോട്ടുകൾ തടയാനും നശിപ്പിക്കാനും വന്നാൽ എതിർക്കുമെന്ന് കേരള ഹൗസ്‌ബോട്ട് ഓണേഴ്‌സ് സമിതി സംസ്ഥാന ഭാരവാഹികൾ അറിയിച്ചു. ചെറുകിടക്കാരെ ഒഴിവാക്കാനും കായൽവിനോദസഞ്ചാര മേഖല കൈയ്യടക്കാനും ലക്ഷ്യമിട്ട് പരിസ്ഥിതി പ്രശ്‌നം ഉന്നയിച്ചാണ് അവർ രംഗത്ത് വന്നിരിക്കുന്നതെന്ന് സമിതിയോഗം കുറ്റപ്പെടുത്തി. കായൽമേഖലയിലുള്ള ചില പ്രശ്‌നങ്ങൾ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്. പ്രധാനമായ പ്രശ്‌നങ്ങളെല്ലാം മുഖ്യമന്ത്രി ഇടപെട്ട് പരിഹരിച്ചതായും യോഗം ചൂണ്ടിക്കാട്ടി. വൻകിടക്കാരുടെ ഈ നീക്കം ആലപ്പുഴയിൽ കായൽ മേഖലയിൽ ക്രമസമാധാന തകർച്ചയ്ക്ക് കാരണമാകുമെന്നും അതിന് അനുവദിക്കരുതെന്നും അഭ്യർത്ഥിച്ച് മുഖ്യമന്ത്രിക്കും ജില്ലാ കളക്ടർക്കും പൊലീസ് മേധാവിക്കും പരാതി നൽകുമെന്നും അവർ പറഞ്ഞു. പ്രസിഡന്റ് എ.അനസ് അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി എം.ജി. ലൈജു, ബിജു എക്കോ, നിസാർ ഗ്രാന്റ് ടൂർ, മോഹനന്‍ വരമ്പേൽ, അരുൺ മുട്ടേൽ എന്നിവർ സംസാരിച്ചു.