
മാന്നാർ: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും അറിയപ്പെടുന്ന ഫോട്ടോഗ്രാഫറുമായിരുന്ന മാന്നാർ കുട്ടമ്പേരൂർ ധരിത്രിയിൽ സാജു ഭാസ്‌കർ (46)ന്റെ ആകസ്മിക നിര്യാണം നാടിനെ ദു:ഖത്തിലാഴ്ത്തി. മൂന്നരപ്പതിറ്റാണ്ടായിപത്രപ്രവർത്തകനായ സാജു ഭാസ്‌കർ വൃക്ക സംബന്ധമായ രോഗത്തെ തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ 1 നാണ് നിര്യാതനായത്. നാടിന്റെ പ്രശ്‌നങ്ങൾ ഏറെ പ്രാധാന്യത്തോടെ അധികാരികളുടെ മുന്നിൽ എത്തിച്ചുകൊണ്ട് മാദ്ധ്യമ പ്രവർത്തന രംഗത്ത് വേറിട്ട ശൈലിയിലൂടെ ജനഹൃദയങ്ങളിൽ സ്ഥിര പ്രതിഷ്ഠ നേടിയിരുന്ന സാജു ഭാസ്‌കർ മാന്നാറിന്റെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറ സാന്നിദ്ധ്യമായിരുന്നു. മാന്നാർ മീഡിയ സെന്ററിന്റെ പ്രസിഡന്റെന്ന നിലയിൽ മാദ്ധ്യമ പ്രവർത്തകരുടെ കൂട്ടായ്മക്ക് കരുത്ത് പകരുന്ന പ്രവർത്തനങ്ങളാണ് കാഴ്ച വെച്ചത്. 'ചോരാത്ത വീട്' പദ്ധതിയിലൂടെ സുമനസുകളുടെ സഹായത്താൽ മാന്നാറിലെ മാദ്ധ്യമ പ്രവർത്തകനൊരു വീട് നിർമ്മിച്ചു നൽകുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു. മാന്നാറിലെ ആദ്യകാല സ്റ്റുഡിയോയായ ഭാസ്‌കർ സ്റ്റുഡിയോയുടെ നെടുംതൂണായി മാറിയ സാജു ഭാസ്‌കർ, തന്റെ പിതാവിന്റെ പാതയിലൂടെ സഞ്ചരിച്ച് ഫോട്ടോഗ്രാഫി രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അച്ഛൻ: പരേതനായ ജി.ഭാസ്‌കർ(ഭാസ്‌കർസ്റ്റുഡിയോ സ്ഥാപകൻ). അമ്മ: പരേതയായ കമല. ഭാര്യ: ജി.സരിത ( അദ്ധ്യാപിക, ശ്രീഭൂവനേശ്വരി ഹയർ സെക്കൻഡറി സ്‌കൂൾ,മാന്നാർ). മകൾ: ധരിത്രി എസ്.ഭാസ്‌കർ (എൻജിനിയറിംഗ് വിദ്യാർത്ഥിനി ) . സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ...............
#അവസാന പുരസ്‌കാരം ഏറ്റുവാങ്ങിയത് വെള്ളാപ്പള്ളിയിൽ നിന്ന്
പത്രപ്രവർത്തനത്തിലെ മാതൃകാപരമായ സംഭാവനകൾക്ക് ഇൻസ്പെയർ ഇന്ത്യൻ ഫൗണ്ടേഷന്റെ ആറാമത് ജി.ശാന്ത ടീച്ചർ മെമ്മോറിയൽ അവാർഡ്, ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ജില്ലയിലെ മികച്ച ഫോട്ടോഗ്രാഫർക്ക് നൽകുന്ന പുരസ്‌കാരം തുടങ്ങി മാദ്ധ്യമ പ്രവർത്തന രംഗത്തും ഫോട്ടോഗ്രാഫിയിലും ഒട്ടനവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള സാജു ഭാസ്‌കർ അവസാനമായി പുരസ്‌കാരം സ്വീകരിച്ചത് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിൽ നിന്നാണ്. എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ ഓഫീസ് മന്ദിര സമുച്ചയത്തിന്റെ സമർപ്പണം നടന്ന വേദിയിൽ വച്ച് കാൽ നൂറ്റാണ്ട് പിന്നിട്ട മാന്നാറിലെ മുതിർന്ന മാദ്ധ്യമ പ്രവർത്തകർക്കുള്ള മാന്നാർ യൂണിയന്റെ പുരസ്‌കാരം സാജു ഭാസ്‌കറിന് സമ്മാനിച്ചത് വെള്ളാപ്പള്ളി നടേശനായിരുന്നു.