ഹരിപ്പാട്: തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിലെ ജനങ്ങൾ നേരിടുന്ന യാത്രാപ്രതിസന്ധി കണക്കിലെടുത്ത് തൃക്കുന്നപ്പുഴ പാലത്തിന്റെ നിർമ്മാണം അടിയന്തിരമായി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചതായി രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു. നാവിഗേഷൻ ലോക്ക് പുനർനിർമ്മിക്കുന്നതിനായി തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പഴയ പാലം പൊളിച്ചതുമൂലം തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തുകളിലെ ജനങ്ങൾ വലിയതോതിലുളള യാത്രാപ്രതിസന്ധിയാണ് നേരിടുന്നത്.
സുനാമി ബാധിത തീരപ്രദേശങ്ങളിലെ ജനങ്ങൾ ദേശീയപാതയിലും, മറ്റ് പ്രധാനപ്പെട്ട സ്ഥലങ്ങളിലും എത്തിച്ചേരുന്നതിന് ഈ പാലമാണ് ഉപയോഗിച്ചിരുന്നത്. പുതിയ പാലത്തിന്റെ നിർമ്മാണം വളരെ മന്ദഗതിയിലാണ് നടക്കുന്നത്. മേജർ ഇറിഗേഷൻ വകുപ്പിനാണ് പാലത്തിന്റെ നിർമ്മാണ ചുമതല. ഒരു വർഷത്തിനുള്ളിൽ പുതിയ പാലത്തിന്റെ നിർമ്മാണം പൂർത്തീകരിക്കുമെന്ന് അധികൃതർ ജനങ്ങൾക്ക് നൽകിയ ഉറപ്പിനെ തുടർന്നാണ് പഴയ പാലം പൊളിക്കുന്നതിനെ പ്രദേശവാസികൾ എതിർക്കാതിരുന്നത്. ഉദ്യോഗസ്ഥർ നൽകിയ ഉറപ്പ് പ്രകാരം 2024 ഡിസംബർമാസത്തോടെ പാലത്തിന്റെ നിർമ്മാണം പൂർത്തീകരിക്കേണ്ടതാണ്. അത് പാലക്കപ്പെട്ടില്ല. മന്ത്രിയുടെ സാധിധ്യത്തിൽ നടത്തിയ യോഗത്തിന്റെ ധാരണകൾപോലും പാലിക്കപ്പെട്ടില്ല. നിലവിൽ നടത്തുന്ന ജങ്കാർ സർവ്വീസ് കൊണ്ട് ജനങ്ങളുടെ പ്രതിസന്ധി പരിഹരിക്കാൻ സാധിക്കില്ലെന്ന് ചെന്നിത്തല പറഞ്ഞു.