ഹരിപ്പാട്: മരംവെട്ടുന്നതിനിടെ അപ്രതീക്ഷിതമായുണ്ടായ ഇടിമിന്നലേറ്റ് മരണപ്പെട്ട ഹരിപ്പാട് തുലാംപറമ്പ് തെക്ക്, വലിയപറമ്പിൽ ബിനു തമ്പാൻ, ഹരിപ്പാട് തലത്തോട്ട ക്ഷേത്രത്തിന് സമീപത്ത് താമസിക്കുന്ന മഹേഷ് കുമാർ എന്നിവരുടെ കുടുംബത്തിന് അടിയന്തര ധനസഹായം നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി രമേശ് ചെന്നിത്തല . ഭാര്യ റീനയും, വിദ്യാർത്ഥികളായ സ്നേഹാ ബിനു, അലൻ ബിനു എന്നവരടങ്ങുന്നതാണ് മരിച്ച ബിനുവിന്റെ കുടുംബം. മഹേഷിന്റെ ഒരു കുട്ടി അഞ്ചാം ക്ലാസിലും മറ്റൊരു കുട്ടി യു.കെ.ജിയിലുമാണ് പഠിക്കുന്നത്. വളരെ പാവപ്പെട്ട രണ്ട് കുടുംബങ്ങളുടെ അത്താണികളായിരുന്നു മരിച്ച മഹേഷും ബിനുവും. ഈ നിരാലംബ കുടുംബങ്ങൾക്ക് ദുരന്തനിവാരണ ഫണ്ടിൽ നിന്നോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നോ അർഹമായ പരമാവധി ധനസഹായം അനുവദിക്കണമെന്ന് കത്തിൽ രമേശ് ചെന്നിത്തല അഭ്യർത്ഥിച്ചു.