a

മാവേലിക്കര: 1988 ൽ ശ്രീലങ്കയിൽ വച്ച് ഓപ്പറേഷൻ പവനിൽ പങ്കെടുക്കുന്നതിനിടെ തമിഴ് പുലികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ജവാൻ, തെക്കേക്കര തടത്തിലാൽ കൊച്ചുവിളയിൽ വീട്ടിൽ പരേതനായ രാഘവന്റെയും പുഷ്പവല്ലിയുടെയും മകൻ രാധാകൃഷ്ണന് ജന്മനാട്ടിൽ സ്മാരകമുയരുന്നു. രാധാകൃഷ്ണന്റെ കുടുംബാംഗങ്ങളും സോൾജിയേഴ്സ് ഒഫ് ഈസ്റ്റ് വെനീസും ചേർന്ന് തടത്തിലാലിലാണ് സ്മാരകം നിർമ്മിക്കുന്നത്. സ്മാരകം നിർമ്മാണത്തിന് തെക്കേക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ദേവരാജൻ കല്ലിട്ടു. സി.പി.എം തെക്കേക്കര കിഴക്ക് ലോക്കൽ സെക്രട്ടറി എസ്.ആർ ശ്രീജിത്ത്, സോൾജിയേഴ്സ് ഒഫ് ഈസ്റ്റ് വെനീസ് പ്രസിഡന്റ് മുരളീധരൻ വള്ളികുന്നം, സെക്രട്ടറി ബാബുലാൽ ആലപ്പുഴ, പി.പ്രമോദ്, സി.ശശിധരൻ, രാധാകൃഷ്ണന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 1988 ഒക്ടോബർ 23ന് 23-ാം വയസിലാണ് രാധാകൃഷ്ണൻ കൊല്ലപ്പെട്ടത്. ഈ വരുന്ന 23ന് സ്മാരകം നാടിന് സമർപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സംഘാടകർ പറഞ്ഞു.