ambala

അമ്പലപ്പുഴ: നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് ആരംഭിച്ച റോഡ് നിർമ്മാണം മൂന്നാംദിവസം നിലച്ചു. തകഴി ആശുപത്രി റോഡിന്റെ നിർമ്മാണമാണ് മുടങ്ങിയത്. നിരന്തര പ്രതിഷേധങ്ങൾക്കൊടുവിലാണ് വർഷങ്ങളായി തകർന്നു കിടന്ന റോഡ് പുനർനിർമ്മാണത്തിന് നടപടിയായത്. സർക്കാർ പണം അനുവദിച്ചിട്ടും കരാറുകാരന്റെ മനോഭാവമാണ് നിർമ്മാണം മുടങ്ങാൻ കാരണമായത്.

ദൗത്യം പദ്ധതിയുടെ ഭാഗമായി മൂന്നുകോടി രൂപ ചെലവിൽ തകഴി കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. എന്നാൽ ആശുപത്രിയിലേക്ക് റോഡ് കുണ്ടും കുഴിയുമായി കാൽനടയാത്രക്കു പോലും സാധ്യമാകാത്ത തരത്തിലാണ്.. വയോജനങ്ങളടക്കം നൂറിലേറെപ്പേർ നിത്യേന ചികിത്സതേടിയെത്തുന്ന ആശുപത്രിയിലേക്കുള്ള വഴി മഴ പെയ്താൽ തെന്നിവീഴുന്ന സ്ഥിതിയിലായിരുന്നു. തകഴി റെയിൽവേ ഗേറ്റടച്ചാൽ സംസ്ഥാന പാതയിലെത്താനുള്ള ഏക മാർഗം കൂടിയാണ് ഈ റോഡ്.

ഏതാനും മാസം മുൻപ് എം. എൽ.എയുടെ സാന്നിധ്യത്തിൽ യോഗം ചേർന്നപ്പോൾ ആഗസ്റ്റ് 15-നകം നിർമ്മാണം പൂർത്തിയാക്കാമെന്ന് കരാറുകാരൻ ഉറപ്പു കൊടുത്തിരുന്നു. റോഡിനായി 2021ലെ തിരുവോണനാളിൽ ടാഗോർ കലാകേന്ദ്രം നിരാഹാരസമരവും 2024 ൽ ദേശീയ മനുഷ്യാവകാശസമിതി ജനകീയസമരവും സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഒരു മാസം മുമ്പ്വിവിധ സംഘടനകളുടെ നേതൃത്വത്തിൽ റോഡ് ഗതാഗത യോഗ്യമാക്കാനായി നിൽപ്പ് സമരവും നടത്തിയിരുന്നു.

കരാറുകാരന്റെ അനാസ്ഥ

 തകഴി ആശുപത്രി റോഡ് തകർച്ചയിലായിട്ട് പത്തു വർഷം പിന്നിട്ടു

 പ്രളയാനന്തര പുനർനിർമ്മാണപദ്ധതിയിൽപ്പെടുത്തി 2.19 കോടി രൂപയുടെ രൂപരേഖ തയ്യാറാക്കി

 ഇതു പ്രകാരം 2022 സെപ്റ്റംബറിൽ ആരംഭിച്ച നിർമാണ ജോലികളാണ് മൂന്നുകൊല്ലമായിട്ടും എങ്ങുമെത്താത്തത്
 തകഴി, കരുമാടി, പടഹാരം പ്രദേശങ്ങളിലായി നാലു വാർഡുകളിലെ ജനങ്ങൾക്ക് അത്യാവശ്യമായ യാത്രാമാർഗമാണിത്

കരാറുകാരന് സർക്കാർ പണമനുവദിച്ചിട്ടും നിർമാണം നിലച്ച അവസ്ഥയിലാണ്. ഇതിൽ പ്രതിഷേധിച്ച് സമരത്തിനിറങ്ങും

-നാട്ടുകാർ