thakazhi
തറയ്ക്കരി പാടത്തിൽ നെൽച്ചെടികൾ കരിഞ്ഞുണങ്ങിയ നിലയിൽ

ആലപ്പുഴ: തകഴി കൃഷിഭവൻ പരിധിയിലെ തറയ്ക്കരി പാടശേഖരത്തിൽ രണ്ടാം കൃഷിക്ക് വിത ഇറക്കി 30 ദിവസം വരെ പ്രായമായ നെൽച്ചെടികൾ കരിഞ്ഞുണങ്ങി. കാലാവസ്ഥാ വ്യതിയാനമോ ,​ മണ്ണിലെ പുളിരസം വർദ്ധിച്ചതോ ആകാം കാരണമെന്നാണ് കരുതപ്പെടുന്നത്.

130 ഏക്കർ വിസ്തൃതിയുള്ള പാടശേഖരത്തിൽ 113 ഏക്കറിലായി 32 കർഷകരാണ് നെൽകൃഷി ചെയ്യുന്നത്. പതിവിലും നേരത്തെയെത്തിയ കാലവർഷവും പുറംബണ്ടുകളുടെ ബലക്ഷയവും കാരണം തറയക്കരി പാടത്ത് പതിവിലും താമസിച്ചാണ് കൃഷിയിറക്കിയത്. നെൽച്ചെടികൾ കരിഞ്ഞുണങ്ങുന്നതിൽ ആശങ്കയിലായ കർഷകർ, പല കീടനാശിനികളെയും ആശ്രയിച്ചെങ്കിലും ഇപ്പോഴും പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്.

വിവരമറിഞ്ഞ് നെൽ കർഷക സംരക്ഷണ സമിതി പ്രതിനിധികൾ പാടം സന്ദർശിച്ചുഅജയകുമാർ തകഴി, അനീഷ് തകഴി, സലിം എൻ.എസ്., പാടശേഖരസമിതി സെക്രട്ടറി മുഹമ്മദ് സാലി, മോഹനകുമാർ, മോഹനദാസ് തകഴി, ഈ ആർ രാധാകൃഷ്ണ പിള്ള, പി. വേലായുധൻ നായർ, സോണിച്ചൻ പുളിങ്കുന്ന് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

വില്ലനായി മണ്ണിന്റെ പുളിരസം

 കാലാവസ്ഥാമാറ്റവും വെള്ളത്തിന്റെ ഗുണനിലവാരവ്യതിയാനങ്ങളും, മണ്ണിന്റെ പുളിരസവും കൃഷിയെ ദോഷകരമായി ബാധിച്ചു

 എങ്ങനെയും കൃഷി രക്ഷിക്കാനായി ഇതിനോടകം ധാരാളം പണമാണ് കർഷകർ ചെലവഴിച്ചു.
 കൃഷിഭവനുകളിൽ നിന്ന് വേണ്ടത്ര സഹകരണം ലഭ്യമാകാത്തതും, പ്രധാനമന്ത്രി ഫസൽ ബീമ യോജനയിൽ ഇൻഷുറൻസ് ചെയ്യാൻ സാധിക്കാത്തതും കർഷകരെ കൂടുതൽ സമ്മർദ്ദത്തിലാക്കി
 ഓരു വെള്ളത്തിലും ഉഷ്ണതരംഗത്തിലും കൃഷിനാശം സംഭവിച്ച 2024-25 വർഷത്തെ പുഞ്ച കൃഷിയുടെ ഇൻഷുറൻസ് പരിരക്ഷ, പ്രഖ്യാപിച്ചെങ്കിലും തറയ്ക്കരി, മുണ്ട്തോട്, ചെട്ടുതറക്കരി പാടശേഖരങ്ങൾക്ക് ലഭ്യമായിട്ടില്ല