photo

ചേർത്തല:സംസ്ഥാനതല മോഡൽ പാർലമെന്റിൽ ചേർത്തല ശ്രീനാരായണ കോളേജിന് മൂന്നാം സ്ഥാനം.വിദ്യാർത്ഥികളിൽ പാർലിമെന്ററി ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും വളർത്തുകയെന്നക്ഷ്യത്തോടെ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് പാർലിമെന്ററി അഫയേഴ്സ് ഗവ.ഒഫ് കേരള സംഘടിപ്പിച്ച 'മോഡൽ പാർലിമെന്റ്' പരിപാടിയിലാണ് ശ്രീനാരായണ കോളേജ് അഭിമാന നേട്ടം കൈവരിച്ചത്. ഇത് രണ്ടാം തവണയാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.പരിപാടിയുടെ മുഴുവൻ നടത്തിപ്പും കോളേജിലെ ഡിപ്പാർട്‌മെന്റ് ഓഫ് പോളിറ്റിക്കൽ സയൻസാണ് ഏറ്റെടുത്തത്.കോളേജിലെ വിവിധ ഡിപ്പാർട്‌മെന്റുകളിൽ നിന്നായി 50 വിദ്യാർത്ഥികളാണ് മോഡൽ പാർലിമെന്റിൽ സജീവമായി പങ്കെടുത്തത്. സ്പീക്കർ,പ്രധാനമന്ത്രി,മന്ത്രിമാർ,പ്രതിപക്ഷ നേതാവ്, എം.പിമാർ എന്നിവരായി വിദ്യാർത്ഥികൾ വേഷമിട്ടു. പരിപാടിക്ക് നേതൃത്വം നൽകിയതു ഡിപ്പാർട്‌മെന്റ് ഒഫ് പോളിറ്റിക്കൽ സയൻസിലെ അദ്ധ്യാപകനായ ഡോ.ടി.കെ.പ്രവീൺ കുമാറാണ്. കോളേജ് പ്രിൻസിപ്പൽ ഡോ.ടി.പി.ബിന്ദു, ഡിപ്പാർട്‌മെന്റ് ഹെഡ് ഡോ.വി.ഡി. രാധാകൃഷ്ണൻ, കോളേജിലെ ഐക്യു.എ.സി വിഭാഗം എന്നിവരുടെ ശക്തമായ പിന്തുണയും മാർഗനിർദ്ദേശവും പരിപാടിയുടെ വിജയത്തിന് നിർണായകമായി. സെക്രട്ടറിയേറ്റിലെ പഴയ നിയമസഭ ഹാളിൽ നടന്ന സമ്മാനദാന ചടങ്ങിൽ കല്യാശ്ശേരി എം.എൽ.എ എം.വിജിൻ,കാഞ്ഞിരപ്പള്ളി എം.എൽ.എ ഡോ.എൻ.ജയരാജ് എന്നിവർ ഉപഹാരങ്ങൾ കൈമാറി. മോഡൽ പാർലിമെന്റ് മൂന്നാം സ്ഥാനം കോളേജിന്, ബെസ്റ്റ് കോ–ഓർഡിനേറ്റർ ഡോ.ടി.കെ.പ്രവീൺ കുമാർ, ബെസ്റ്റ് പാർലിമെന്ററിയൻ ശിവകൃഷ്ണ എന്നിവർക്കാണ് ഉപഹാരങ്ങൾ.