bbh

ഹരിപ്പാട്:ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ വൈദ്യുതി പോസ്റ്റ് ചരിഞ്ഞത് പരിഭ്രാന്തി പരത്തി.ബാരിക്കേഡ് കെട്ടിയിരുന്ന പോസ്റ്റാണ് ചാഞ്ഞത്. ഹരിപ്പാട് നഗരസഭ ഓഫീസിന് മുന്നിൽ നിന്നാണ് പ്രതിഷേധ പ്രകടനം ആരംഭിച്ചത്. മുരാരി ബാബു ജോലി ചെയ്തിരുന്ന ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് പൊലീസ് ബാരിക്കേഡ് കെട്ടി തടഞ്ഞു.രണ്ട് ബാരിക്കേഡ് മാത്രമാണ് ഉണ്ടായത്. പ്രവർത്തകരുടെ പിടിവലിക്കിടെ പോസ്റ്റ് ഒരു വശത്തേയ്ക്ക് ചായുകയായിരുന്നു. പൊലീസും പ്രവർത്തകരും ചേർന്ന് പോസ്റ്റ് താങ്ങി നിർത്തി. തുടർന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും ഫയർ ഫോഴ്സുമെത്തി വൈദ്യുതി പോസ്റ്റ് സുരക്ഷിതമായി താഴെ ഇറക്കിയതോടെയാണ് പരിഭ്രാന്തി

ഒഴിഞ്ഞത്.പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരം പുനരാരംഭിക്കുകയും ഡെപ്യൂട്ടി കമ്മിഷണർ ഓഫീസിന്റെ മതിൽ ചാടിക്കടക്കുകയും ചെയ്തു. വനിതാപ്രവർത്തകർ ഓഫീസിന് മുന്നിൽ ചൂലുമായി കുത്തിയിരുന്ന് പ്രതിഷേധിച്ചു.ചാണക വെള്ളം തളിച്ചു. പിന്നീട് ഇവരെ പൊലീസ് ബലംപ്രയോഗിച്ച് പുറത്തിറക്കി.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഡോ.എം.പി പ്രവീൺ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു.