
ആലപ്പുഴ: കോടതിപ്പാലം നവീകരണത്തിന്റെ ഭാഗമായുള്ള ഗതാഗത പരിഷ്കാരത്തിന്റെ ഭാഗമായി ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും വഴി തിരിച്ചുവിടുന്ന വൈ.എം.സി.എ പാലത്തിന് സമീപമുള്ള വൈ.എം.സി.എ - കയർ മെഷീനറി മാനുഫാക്ചറിംഗ് കമ്പനി റോഡിന്റെ തുടക്കഭാഗത്തെ ഭീമൻ കുഴി യാത്രക്കാർക്ക് ഭീഷണിയായി. ഇരുചക്രവാഹന യാത്രികരാണ് കുഴിയിൽ വീണ് അപകടത്തിൽപ്പെടുന്നത്.
നിരവധി സ്കൂളുകൾ, ട്യൂട്ടോറിയൽ കോളേജ്, ജില്ലാ കോടതി, പ്രസ് ക്ലബ്ബ്, സത്രം, സ്വകാര്യ ആശുപത്രി, ദേവാലയങ്ങൾ തുടങ്ങിയ ഇടങ്ങളിലേക്ക് വേഗത്തിൽ എത്താനുള്ള മാർഗ്ഗമാണ് ഈ വഴി. റോഡിന് ഇരുവശത്തും ധാരാളം കുടുംബങ്ങളും താമസിക്കുന്നുണ്ട്.
ഇരുചക്രവാഹനക്കാർക്ക് ഭീഷണി
രാവിലെയും വൈകിട്ടും വലിയ തിരക്കാണ് പ്രദേശത്ത് അനുഭവപ്പെടുന്നത്
വീതി കുറവുള്ള റോഡിലേക്ക് കയറിപ്പറ്റുന്നതിന് വാഹനയാത്രികർക്ക് കുഴിയിൽപ്പെടാതെ മാറിനിൽക്കുക പ്രയാസമാണ്
ജില്ലാ കോടതി പാലം നവീകരണത്തിന്റെ ഭാഗമായി ഈ ഭാഗം പുനരുദ്ധരിക്കാൻ മാസങ്ങൾ കഴിയുമെന്നുറപ്പാണ്
അത് വരെ കാത്തുനിൽക്കാതെ, കുഴി മൂടി ജനങ്ങളെ അപകടങ്ങളിൽ നിന്ന് കരകയറ്റാൻ അധികാരികൾ മനസ്സുവയ്ക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
തിരക്ക് കൂടുമ്പോൾ റോഡിൽ മാറി നിൽക്കാൻ സ്ഥലം ലഭിക്കാറില്ല. അങ്ങനെയാണ് പലരും വെള്ളം തളം കെട്ടി കിടക്കുന്ന കുഴിയിൽപ്പെടുന്നത്
- രഞ്ജിത്ത്, യാത്രക്കാരൻ