
ഹരിപ്പാട് : വർഷങ്ങളായി തകർന്ന് തരിപ്പണമായ റോഡ് നന്നാക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പണപ്പിരിവെടുത്ത് റോഡ് സഞ്ചാരയോഗ്യമാക്കി നാട്ടുകാർ. ചേപ്പാട് പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളിലൂടെ കടന്നുപോകുന്ന ബ്രഡ് കമ്പനി - കാരാവള്ളി റോഡിന്റെ ശോചനീയാവസ്ഥയ്ക്കാണ് താത്കാലിക പരിഹാരമായത്. റോഡിന്റെ അറ്റകുറ്റപ്പണി നടത്താൻ 90,000രൂപയോളമാണ് നാട്ടുകാർ പിരിവെടുത്ത് സമാഹരിച്ചത്.
കാൽനട യാത്രപോലും ദുഷ്കരമായ റോഡിനെ നൂറുകണക്കിന് യാത്രക്കാരാണ് നിത്യേന ആശ്രയിക്കുന്നത്.റോഡിലെ വലിയ ഗർത്തങ്ങളിൽ വീണ് യാത്രക്കാരുടെ നടുവൊടിയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എട്ടാംവാർഡ് മെമ്പറും പഞ്ചായത്ത് പ്രസിഡന്റുമായ വേണുകുമാർ,ഏഴാംവാർഡ് മെമ്പർ തമ്പി എന്നിവർക്ക് നിരവധി തവണ പരാതികൾ നൽകിയിട്ടും യാതൊരു പ്രയോജനവുമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
പരാതി നൽകി മടുത്തു
റോഡിന്റെ ദുരിതം സംബന്ധിച്ച് പ്രദേശവാസികൾ പലതവണ വാർഡ് മെമ്പർമാരെ സമീപിച്ചിരുന്നു
മഴക്കാലത്ത് റോഡിലൂടെയുള്ള യാത്ര ദുരിതപൂർണമാണ്. ചെളിവെള്ളം തെറിച്ച് യാത്രക്കാരുടെ ദേഹത്തേക്ക് വീഴും
ഇത് കാരണം പലപ്പോഴും വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ബുദ്ധിമുട്ടിലാകും
പരാതികൾ നൽകിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രദേശവാസികൾ ഒരുമിച്ചത്
നിലവിൽ താൽക്കാലികമായി നന്നാക്കിയ റോഡിന് സ്ഥിരമായ പരിഹാരം കാണണം. പഞ്ചായത്ത് അധികൃതർ എത്രയും പെട്ടെന്ന് ഫണ്ട് അനുവദിച്ചു റോഡ് ടാർ ചെയ്യണം
- പ്രദേശവാസികൾ