ചേർത്തല: ചേർത്തല തെക്ക് സർവ്വീസ് സഹകരണ ബാങ്കിന്റെ അഗ്രികൾച്ചറൽ ഇൻഫ്രാസ്ട്രച്ചർ പ്രോജക്ട് ഉദ്ഘാടനവും ശതാബ്ദി വാർഷിക ആഘോഷ പ്രഖ്യാപനവും നാളെ നടക്കും. പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ബാങ്ക് പ്രസിഡന്റ് കെ.രമേശൻ,സെക്രട്ടറി കെ.വി.ഷീബ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ആർ.സുഖലാൽ,ശോഭ സുധാകരൻ എന്നിവർ വാത്താസമ്മേളനത്തിൽ അറിയിച്ചു.നബാർഡിന്റെ പദ്ധതി പ്രകാരം അനുവദിച്ച ഒന്നര കോടി രൂപ ഉൾപ്പെടെ 1.68 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സംയോജിത മത്സ്യകൃഷി പദ്ധതി,പോളി ഹൗസ്, ബയോഫ്‌ളോക്ക് സിസ്റ്റം, അക്വാ പോണിക്സ്,കാർഷിക ഗോഡൗൺ തുടങ്ങിയവയാണ് നടപ്പാക്കുന്നത് . നാളെ ഉച്ചയ്ക്ക് രണ്ടിന് മന്ത്രി സജി ചെറിയാൻ എ.ഐ.എഫ് ഗോഡൗൺ ഉദ്ഘാടനവും ശതാബ്ദി വാർഷിക ആഘോഷ പ്രഖ്യാപനവും നടത്തും.അരീപ്പറമ്പിൽ ചേരുന്ന സമ്മേളനത്തിൽ മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷനാകും. നബാർഡ് ചീഫ് ജനറൽ മാനേജർ നാഗേഷ്‌കുമാർ അനുമാല അഗ്രികൾച്ചർ പ്രോജക്ട് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.നാസർ പദ്ധതിക്ക് തുടക്കം കുറിച്ചവരെ ആദരിക്കും. പോളി ഹൗസ് ഫാമിംഗ് വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദും ബയോഫ്‌ളോക്സ് മത്സ്യക്കൃഷി വിളവെടുപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനനും ഉദ്ഘാടനം ചെയ്യും. കേരള ബാങ്ക് ഡയറക്ടർ പി.ഗാനകുമാർ, സീഡ്ലിങ്ക് നഴ്സറി യൂണിറ്റ് ഉദ്ഘാടനം ചെയ്യും.36 വാടക കടമുറികൾ,4000 ചതുരശ്ര അടി ഗോഡൗൺ,വിശാലമായ ഓപ്പൺ എയർ ഓഡിറ്റോറിയം എന്നിവയും ബാങ്കിന്റെ ഉടമസ്ഥതിയിലുണ്ട്.