ആലപ്പുഴ: ആര്യാട് ഗ്രാമപഞ്ചായത്തിലെ അതിദരിദ്രരായ ഗുണഭോക്താക്കൾക്ക് ഭൂമി വാങ്ങി നൽകിയതിനെതിരെ യു.ഡി.എഫ് ഉന്നയിച്ച അഴിമതി ആരോപണം മനുഷ്യത്വ രഹിതമാണെന്ന് ആര്യാട്‌ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ. ആര്യാട് ഗ്രാമപഞ്ചായത്തിലെ അതിദാരിദ്ര ഗുണഭോക്തൃ പട്ടികയിൽ 60 കുടുംബങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇവർക്കാവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വീട് ആവശ്യപ്പെട്ട എട്ട് ഗുണഭോക്താക്കളുടെ ഭവന നിർമ്മാണം പൂർത്തിയാക്കി. ശേഷിക്കുന്ന അഞ്ച് കുടുംബങ്ങളുടെ ഭവന നിർമ്മാണം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. യാഥാർത്ഥ്യം ഇതാണെന്നിരിക്കെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനും എൽ.ഡി.എഫ് ഭരണസമിതിയ്ക്കും ഉദ്യോഗസ്ഥർക്കും എതിരായി നടത്തിയ വ്യക്തിഹത്യ ന്യായീകരിക്കുവാൻ സാധിക്കുന്നതല്ലെന്നും ആര്യാട് പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജജ് അഡ്വ. ഷീന സനൽകുമാർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ പഞ്ചായത്ത് സെക്രട്ടറി ജി. വിനോദ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ ബി. ബിപിൻരാജ്, ബിജു മോൻ എന്നിവരും പങ്കെടുത്തു.