ആലപ്പുഴ: പ്രതിദിനം നൂറു കണക്കിന് വിനോദസഞ്ചികളെത്തുന്ന പുന്നമട ഹൗസ് ബോട്ട് ടെർമിനലിലെ സ്ഥിരം സംഘർഷസമാന സാഹചര്യം വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക. കൊടുങ്ങല്ലൂർ രജിസ്ട്രേഷനുള്ള ബോട്ടുകളെ ആലപ്പുഴയിൽ ഓടാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനത്തോടെ ആലപ്പുഴ രജിസ്ട്രേഷനുള്ള ഹൗസ് ബോട്ട് ഉടമകൾ വള്ളങ്ങൾ തടഞ്ഞുതുടങ്ങിയതാണ് സംഘർഷാവസ്ഥയ്ക്ക് തുടക്കമിട്ടത്. തുടർച്ചയായി രണ്ട് ദിവസങ്ങളിൽ മേഖല കൈയ്യാങ്കളിയുടെ വക്കോളമെത്തിയിരുന്നു. കഴിഞ്ഞദിവസം പൊലീസ് ഇടപെട്ട്, ജില്ലാ ഭരണകൂടം ചർച്ച വിളിക്കുമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് അടിയുടെ വക്കോളമെത്തിയ സാഹചര്യത്തിന് അയവുണ്ടായത്. കളക്ടറുടെ അദ്ധ്യക്ഷതയിൽ യോഗം വിളിക്കുമെന്ന് പൊലീസ് ഉറപ്പ് നൽകിയെങ്കിലും അത്തരത്തിൽ ഒരു യോഗവും ഇന്നലെ വിളിച്ചുചേർക്കുകയോ, അടുത്ത ദിവസം വിളിക്കുമെന്ന് അറിയിപ്പ് നൽകുകയോ ചെയ്തിട്ടില്ല. ആലപ്പുഴ ഡിവൈ.എസ്.പി ഇടപെട്ട് കേരള ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ, ഓൾ കേരള ഹൗസ് ബോട്ട് ഓണേഴ്സ് സംയുക്ത സമിതി എന്നീ സംഘടനകളുടെ ഭാരവാഹികളെയും തുറമുഖവകുപ്പ് അധികൃതരെയും ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നു. ഇതിനിടെ ഓൾ കേരള ഹൗസ് ബോട്ട് ഓണേഴ്സ് സംയുക്ത സമിതി ഹൈക്കോടതിയിൽ നിന്ന് ബോട്ടുകൾ ഒരുമാസത്തേക്ക് തടയാൻ പാടില്ലെന്ന അനുകൂല വിധി സമ്പാദിച്ചിട്ടുണ്ട്. വിഷയം ചർച്ച ചെയ്യുന്നതിനായി കേരള ഹൗസ് ബോട്ട് ഓണേഴ്സ് അസോസിയേഷൻ ഇന്ന് ജനറൽ ബോ‌ഡി യോഗം ചേരും.