ഹരിപ്പാട് : മണ്ഡലത്തിൽ ടൂറിസവുമായി ബന്ധപ്പെട്ട് നടന്നു വരുന്ന പ്രവൃത്തികളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് നിയമസഭയിൽ ഉന്നയിച്ച് രമേശ് ചെന്നിത്തല. വലിയഴിക്കൽ കേന്ദ്രീകരിച്ച് വിഭാവനം ചെയ്തിട്ടുള്ള ടൂറിസം പദ്ധതിയുടെ നിർവ്വഹണ പുരോഗതിയെ സംബന്ധിച്ചും, ഹരിപ്പാട് നെൽപ്പുരക്കകടവ് ടൂറിസം പദ്ധതിയുടെ തുടർ നടത്തിപ്പ് ഹരിപ്പാട് നഗരസഭയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ പുരോഗതിയെപ്പറ്റിയും എം.എൽ.എ സഭയിൽ ഉന്നയിച്ചു.

നെൽപ്പുരക്കടവ് പദ്ധതിയുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കലിന് നടപടികൾ സ്വീകരിച്ചു വരുന്നതായും നടപ്പാത, പാർക്ക്, കട്ടികളുടെ കളിസ്ഥലം, പെഡൽ ബോട്ടിംഗ്, കഫറ്റേരിയ, സ്റ്റേജ് ലൈറ്റുകൾ എന്നീ ഘടകങ്ങളാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് മറുപടി നല്കി. ഡി.ടി.പി.സി യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാന പ്രകാരം നെൽപ്പുരകടവ് പദ്ധതി നടത്തിപ്പ് ഹരിപ്പാട് നഗരസഭയ്ക്ക് നൽകുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും മന്ത്രി അറിയിച്ചു.

പായിപ്പാട് ജലോത്സവത്തിന് 2 ലക്ഷം

ഹരിപ്പാട് മണ്ഡലത്തിൽ ഓണത്തോടനുബന്ധിച്ച് പ്രാദേശികമായി നടത്തിവരുന്ന വിവിധ വള്ളംകളി മത്സരങ്ങൾക്കായി ടൂറിസം വകുപ്പിൽ നിന്നും കഴിഞ്ഞ 4 വർഷങ്ങളിൽ വിതരണം ചെയ്തിട്ടുള്ള ഗ്രാന്റിന്റെ വിശദാംശങ്ങളെപ്പറ്റിയും എം.എൽ.എ ചോദിച്ചു. പായിപ്പാട് ജലോത്സവത്തിന് 2022-23 വർഷത്തിൽ 2 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും കുമാരനാശാൻ സ്മാരക ജലോത്സവത്തിന് 2022-23 വർഷത്തിൽ അനുവദിച്ച 2 ലക്ഷം രൂപ ജലോത്സവസമിതിയുടെ പേരിൽ കേസ് നിലനിൽക്കുന്നതിനാൽ നൽകിയിട്ടില്ലെന്നും ചോദ്യങ്ങൾക്ക് മറുപടിയായി മന്ത്രി മുഹമ്മദ് റിയാസ് മറുപടി നല്കി.