vvv

ഹരിപ്പാട് : റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ട പരാധീനതകൾ എം.പിയോടും ഉദ്യോഗസ്ഥസംഘത്തോടും വിവരിച്ച് യാത്രക്കാരും നാട്ടുകാരും. കെ.സി.വേണുഗോപാൽ എംപിയും റെയിൽവേ ഉന്നതോദ്യോഗസ്ഥരും അടങ്ങുന്ന സംഘം ഇന്നലെ രാവിലെ 11 മണിയോടെയാണ് സ്റ്റേഷനിലെത്തിയത്. ആലപ്പുഴ ലോക്സഭ മണ്ഡലത്തിലെ 7 റെയിൽവേ സ്റ്റേഷനുകളിലെയും അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സംഘത്തിന്റെ സന്ദർശനം.

നാട്ടുകാരിൽ നിന്നും യാത്രക്കാരിൽ നിന്നും നിവേദനങ്ങൾ സ്വീകരിച്ചു. സ്റ്റേഷന്റെ ശോച്യാവസ്ഥ നേരിട്ട് ബോദ്ധ്യപ്പെട്ട എം.പി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നല്കി. റെയിൽവേയുടെ ഭൂമിയിൽ കാട് വളർന്നു റോഡിലേക്കിറങ്ങിയതും വിഷപ്പാമ്പുകൾ,തെരുവ് നായ്ക്കൾ എന്നിവ പെരുകിയതും റെയിൽവേ റോഡ് തകർന്നതും മറ്റും ചൂണ്ടിക്കാണിച്ച് ഹരിപ്പാട് ടൗൺ റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എം.പി ക്ക് നിവേദനം നൽകി.

കരുവാറ്റ ഊട്ടുപറമ്പ് റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ടുമൂലം 30ഓളം കുടുംബങ്ങൾ അനുഭവിക്കുന്ന ദുരിതം ശ്രദ്ധയിൽപ്പെട്ട എം.പി അടിയന്തര പ്രശ്നപരിഹാരത്തിന് നിർദ്ദേശം നൽകി.

ആവശ്യങ്ങളുമായി യാത്രക്കാർ

 മാങ്കാംകുളങ്ങരയിൽ റെയിൽവേ അടിപ്പാത പണിയുക

 ശൗചാലയങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കുക

 സ്റ്റേഷനിലെ കുടിവെള്ള ലഭ്യത ഉറപ്പാക്കുക

 രണ്ടാം പ്ലാറ്റ്ഫോമിൽ നിന്ന് പള്ളിപ്പാട് റോഡിലേക്കുള്ള യാത്രാമാർഗ്ഗം തുറന്നു നൽകുക

 അന്യാധീനപ്പെട്ട റെയിൽവേ ഭൂമി അളന്നു തിട്ടപ്പെടുത്തി എടുക്കുക

 ജനശതാബ്ദി, രാജധാനി എന്നിവയ്ക്ക് സ്റ്റോപ്പ് അനുവദിക്കുക

 ഉച്ചസമയങ്ങളിൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കുക

നിവേദനങ്ങൾ സംബന്ധിച്ചും ആവശ്യങ്ങളെക്കുറിച്ചും അനുഭാവപൂർവ്വമായ നടപടികൾ സ്വീകരിക്കും. ഹരിപ്പാട്, മണ്ണാറശ്ശാല ക്ഷേത്രങ്ങളിലെ ഉത്സവ കാലയളവുകളിൽ എല്ലാ ട്രെയിനുകൾക്കും ഹരിപ്പാട്ട് സ്റ്റോപ്പ് അനുവദിക്കും

- കെ.സി.വേണുഗോപാൽ എം. പി