c

ചേർത്തല: കടക്കരപള്ളിയിൽ പലചരക്ക് കടയിൽ നിന്ന് 50000 രൂപയും സാധനങ്ങളും കവർന്നു. കടക്കരപ്പള്ളി പടിഞ്ഞാറേ കൊട്ടാരം ക്ഷേത്രത്തിന് തെക്ക് അയ്യപ്പൻ കവലയിൽ തോട്ടുവേലിച്ചിറ ജോയിയുടെ ഉ‌ടമസ്ഥതയിൽ പ്രവർത്തിക്കുന്ന കടയിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച പുലർച്ചെ 1.10 ഓടെയാണ് സംഭവം. കടയിലെ സി.സി ടി.വി ക്യാമറയുടെ ദിശമാറ്റിയ ശേഷം മുൻഭാഗത്തെ ഗ്രില്ല് തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. അതിന് ശേഷം കടയുടെ ഷട്ടർ കുത്തി തുറന്നാണ് കടയ്ക്ക് ഉള്ളിൽ വച്ചിരുന്ന പണവും സാധനങ്ങളും മോഷ്ടിക്കുകയായിരുന്നു. ജോയിക്ക് സുഖമില്ലാത്തതിനെത്തുടർന്ന് തുടർന്ന് മകൻ സെബാസ്റ്റ്യനാണ് ഇപ്പോൾ കടനടത്തുന്നത്. പുതിയ ഇരുചക്ര വാഹനം വാങ്ങാൻ വച്ചിരുന്ന പണമാണ് അപഹരിച്ചത്. ബുധനാഴ്ച ഷോറൂമിൽ നിന്ന് വരുമെന്ന് അറിയിച്ചതിനെ തുടർന്നാണ് വീട്ടിലിരുന്ന പണം കടയിൽ എത്തിച്ചത്. എന്നാൽ ഷോറൂമിൽ നിന്ന് ആള് വന്നില്ലെന്ന് സെബാസ്റ്റ്യൻ പറഞ്ഞു. സ്ഥലത്ത് ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പട്ടണക്കാട് പൊലീസ് കേസെടുത്തു.