മാവേലിക്കര : നിയോജക മണ്ഡലത്തിൽ 3.65 കോടി രൂപയുടെ 4 പദ്ധതികൾ മന്ത്രി ഒ.ആർ കേളു നാളെ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാർ അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ വീതം ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച പദ്ധതിയുടെയും തെക്കേക്കര പഞ്ചായത്തിലും മാവേലിക്കര നഗരസഭയിലുമായി നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന രണ്ട് പദ്ധതികളുടെയും തെക്കേക്കര പഞ്ചായത്ത് 40 ലക്ഷം ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച ഒരു പദ്ധതിയുടെയും ഉദ്ഘാടനമാണ് നടക്കുന്നത്.
അംബേദ്കർ ഗ്രാമം പദ്ധതിയിൽ നഗരസഭ രണ്ടാം വാർഡിൽ കുരുവിക്കാട് നഗറിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ രാവിലെ 10നും, തെക്കേക്കര പഞ്ചായത്തിൽ വരേണിക്കലിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച തെറ്റിക്കുഴി നഗറും ഈ വാർഡിൽ തന്നെയും അംബേദ്കർ നഗറിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളും 11.30നും മന്ത്രി ഉദ്ഘാടനം ചെയ്യും. തെക്കേക്കര പഞ്ചായത്തിൽ പുത്തൻകുളങ്ങര വാർഡിൽ തെക്കേക്കര പഞ്ചായത്തിന്റെ മുൻകൈയിൽ നിർമ്മാണം പൂർത്തീകരിച്ച വാലിൽ നഗർ റോഡ് 11ന് മന്ത്രി നാടിന് സമർപ്പിക്കും. എം.എസ് അരുൺകുമാർ എം.എൽ.എ ചടങ്ങുകളിൽ അധ്യക്ഷനാകും. മൂന്ന് നഗറുകളിലെ വീടുകളുടെ നവീകരണവും ഇവിടേക്കുള്ള റോഡുകളുടെ പുനരുദ്ധാരണവും ശൗചാലയ നിർമ്മാണവും വൈദ്യുതിവത്കരണവും ആണ് അംബേദ്കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. വാലിൽ നഗറിലേക്കുള്ള റോഡിന്റെ നിർമ്മാണത്തിൽ ജില്ലാ പഞ്ചായത്തിന്റെ 25 ലക്ഷം രൂപ കൂടി വിനിയോഗിക്കുമെന്ന് തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻകുമാർ അറിയിച്ചു.