തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിലെ ഉത്സവത്തിന് 13ന് പുലർച്ചെ 1.10 നും 4നും മദ്ധ്യേ കൊടിയേറും,​ 21ന് സമാപിക്കും. തുറവൂർ മഹാക്ഷേത്ര ഉപദേശകസമിതിയുടെ നേതൃത്വത്തിലാണ് ഉത്സവ ചടങ്ങുകൾ നടത്തുന്നത്.ഒരേ സമയം ആയിരം പേർക്ക് കലാപരിപാടികൾ ആസ്വാദിക്കാനുള്ള പന്തൽ, എഴുന്നുള്ളത്തുകൾ മേളകലാകാരന്മാർ,ആസ്വാദകർ ഇവർക്കുള്ള പന്തലുകൾ,പടിഞ്ഞാറ് ഭാഗത്ത് 6000 പേർക്ക് ഭക്ഷണം കഴിക്കുവാനുള്ള പന്തൽ എന്നിവ തയ്യാറായിക്കഴിഞ്ഞു. തൃക്കൊടിയേറ്റിനുള്ള കൊടിക്കൂറ വളമംഗലം കണ്ണുവളളി കുടുംബാംഗങ്ങളും കൊടിക്കയർ വളമംഗലം കോംങ്കേരിൽ കുടുംബാംഗങ്ങളും പരമ്പരാഗത വിധിപ്രകാരം കൊടിയേറ്റ് ദിവസം വൈകിട്ട് ക്ഷേത്രത്തിൽ എത്തിക്കും. ക്ഷേത്രം തന്ത്രി പുതുമന വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ 12ന് ശുദ്ധികർമ്മത്തോടെ ആരംഭിക്കും.കൊടിയേറ്റിന്ശേഷം വടക്കനപ്പന്റേയും തെക്കനപ്പന്റേയും കലവറ നിറയ്ക്കൽ ചടങ്ങിൽ പ്രസാദമൂട്ടിന് ആവശ്യമായ അരി,നാളികേരം,പച്ചക്കറി എന്നിവ കൊടിമര ചുവട്ടിൽ സമർപ്പിക്കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൊടിയേറ്റ് മുതൽ ആറാട്ടുനാൾവരെ നിത്യവ്യം ഉച്ചയ്ക്ക് ഭക്തർക്ക് പ്രസാദ ഊട്ട് ഉണ്ടാകുമെന്നും വിവിധ കലാപരിപാടികളും അരങ്ങേറുമെന്നും ഉപദേശക സമിതി പ്രസിഡന്റ് കെ.പി.രമാദേവി,സെക്രട്ടറി വി.പി.സന്തോഷ് എന്നിവർ അറിയിച്ചു.