ആലപ്പുഴ:ഉന്നതാരോഗ്യ പരിപാലനത്തെയും മെഡിക്കൽ ഗവേഷണത്തെയും ശക്തിപ്പെടുത്തുന്നതിൽ നിർണായകമായ എയിംസ് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരവേ കുട്ടനാട്ടിലെ ആർ ബ്ളോക്ക് എയിംസിന് ഉപയോഗപ്പെടുത്തണമെന്ന് നിവേദനം. നെൽകർഷക സംരക്ഷണ സമിതി ജനറൽ സെക്രട്ടറി കൂടിയായ സോണിച്ചൻ പുളുങ്കുന്ന് ഇത് സംബന്ധിച്ച് കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് നിവേദനം നൽകിയത്.ഏകദേശം 1,400 ഏക്കർ വിസ്തൃതിയുള്ള ആർ-ബ്ലോക്കിൽ നിലവിൽ കൃഷിയില്ലെന്നിരിക്കെ കുടിയൊഴിപ്പിക്കൽ ആവശ്യമില്ലാത്ത, വിസ്തൃതമായ ഭൂ ലഭ്യതയും റോഡ്, ജല, വ്യോമ ഗതാഗത സാധ്യതകളുംആരോഗ്യമേഖലയിലെ അനന്തമായ സേവനസാദ്ധ്യതകളും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ആശുപത്രിസേവനം, മെഡിക്കൽ കോളേജ്, ആരോഗ്യഗവേഷണ കേന്ദ്രം എന്നിവയ്ക്ക് പുറമേ ബയോടെക്നോളജി-വെൽനെസ്- ഇക്കോ ടൂറിസം മേഖലയിലും പുരോഗതി സാദ്ധ്യമാകുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.