kalunkukal

മാന്നാർ: കൈവരികൾ തകർന്നും കൽക്കെട്ടുകൾ ഇളകിയും ഇടുങ്ങിയതുമായ അപകട ഭീഷണി ഉയർത്തുന്ന കലുങ്കുകൾ പുനർ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മാന്നാർ ടൗണിനെ കുരട്ടിക്കാടുമായി ബന്ധിപ്പിക്കുന്ന തൃക്കുരട്ടി കിഴക്കേ നട - പൈനുംമൂട് ജംഗ്‌ഷൻ, യൂണിയൻ ബാങ്ക്- തട്ടാരുകാവ് റോഡ്, കുറ്റിയിൽമുക്ക്- മിൽമ റോഡ് എന്നീ മൂന്നു റോഡുകളിലായി തോട്ടുമുഖപ്പ് - കോയിക്കൽ ഭാഗം തോടിന് കുറുകെ കടന്നുപോകുന്ന മൂന്ന് കലുങ്കുകളാണ് അപകട ഭീഷണി ഉയർത്തി നിലകൊള്ളുന്നത്. കൽകെട്ടുകൾ ഇളകിയും സംരക്ഷണ ഭിത്തികളും കൈവരികളും തകർന്ന് ദുർ ബലാവസ്ഥയിലായ, മാന്നാർ ടൗണുമായി ബന്ധിപ്പിക്കുന്ന ഈ മൂന്ന് കലുങ്കുകളും വീതികൂട്ടി പുനർനിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

......................

# കലുങ്കുകൾ പുനർ നിർമ്മിക്കണം

കലുങ്ക് 1

മാന്നാർ ഗ്രാമ പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് തൃക്കുരട്ടി കിഴക്കേ നട - പൈനുംമൂട് ജംഗ്‌ഷൻ റോഡിലെ കലുങ്ക്. കൈ വരികൾ തകർന്നും കൽക്കെട്ടുകൾ ഇളകിയും കിടക്കുന്ന, നാല് പതിറ്റാണ്ടു പിന്നിട്ട ഈ കലുങ്കിലൂടെ വിദ്യാർത്ഥികളടക്കം നിരവധി പേർ കാൽനടയായും ഇരുചക്ര വാഹനങ്ങളടക്കം നൂറു കണക്കിന് വാഹനങ്ങളും ദിനംപ്രതി കടന്നുപോകുന്നുണ്ട്.

കലുങ്ക് 2

തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിന്റെ തെക്കേനടയിലൂടെ കടന്നു പോകുന്ന യൂണിയൻ ബാങ്ക്- തട്ടാരുകാവ് റോഡിലെ കലുങ്ക് ഇടുങ്ങിയതും കാടു പിടിച്ച അവസ്ഥയിലുമാണ്. മാന്നാർ ഗ്രാമപഞ്ചായത്ത് അഞ്ച്, ആറ്, ഏഴ്, പതിനേഴ് വാർഡുകളുടെ അതിർത്തിയിലാണ് ഈ കലുങ്ക് സ്ഥിതിചെയ്യുന്നത്. കലുങ്കിന്റെ ഭാഗത്ത് ചെറിയ വളവുള്ളതിനാൽ എതിരെ വരുന്ന വാഹനങ്ങളെ കാണാൻ കഴിയാത്തതിനാൽ അപകടങ്ങളും പതിവാകുന്നു. ഈ കലുങ്കിന്റെ കിഴക്ക് ഭാഗത്ത് റോഡിന്റെ വശങ്ങളിൽ സ്ഥിരമായി നീരൊഴുക്ക് കാണപ്പെടുന്നതിനാൽ കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടാണ്.

കലുങ്ക് 3

മാന്നാർ ഗ്രാമപഞ്ചായത്ത് ഏഴ്, പതിനേഴ് വാർഡുകളിലെ കടന്നു പോകുന്ന കുറ്റിയിൽമുക്ക് -മിൽമ റോഡിലെ കലുങ്കും അപകട ഭീഷണി ഉയർത്തുകയാണ്. കലുങ്കിന്റെ സംരക്ഷണഭിത്തി തകർന്നിട്ട് വർഷങ്ങളായി. സംരക്ഷണഭിത്തി ഇല്ലാത്തതിനാൽ കനാലിലേക്ക് വീണ് അപകടം സംഭവിക്കാൻ സാദ്ധ്യത ഏറെയാണ്. മുമ്പുണ്ടായ ഒരു അപകടത്തെ തുടർന്ന് കലുങ്കിന്റെ ഒരുവശത്ത് ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് സംരക്ഷണവേലി കെട്ടിയിട്ടുണ്ടെങ്കിലും അതത്ര സുരക്ഷിതമല്ല. രാത്രികാലങ്ങളിൽ ഇരുചക്ര വാഹനങ്ങൾ അപകത്തിൽപ്പെടുന്നതും പതിവാണ്.