streetlight

ആലപ്പുഴ: കോടതിപ്പാലം നി‌ർമ്മാണവുമായി ബന്ധപ്പെട്ട് പ്രവ‌ർത്തനം നടക്കുന്ന റോഡുകളിലെല്ലാം തെരുവ് വിളക്കുകൾ സ്ഥാപിക്കാൻ ഒരുങ്ങി നഗരസഭ. ഔട്ട്പോസ്റ്റിൽ നിന്ന് നഗര ചത്വരത്തിലേക്കുള്ള റോഡുൾപ്പടെയുള്ള ഭാഗങ്ങളിലെല്ലാം തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്.

പാലം നി‌ർമ്മാണത്തിന്റെ ഭാഗമായി ഗതഗാതകുരുക്കും ഒപ്പം വെളിച്ച സംവിധാനവും ഇല്ലാതായതോടെയും യാത്രക്കാർ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.

താത്കാലിക റോഡിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിന് ഡിവൈ.എസ്.പി കത്ത് നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ കൗൺസിലിൽ നഗരസഭ പദ്ധതിക്ക് അംഗീകാരം നൽകിയത്. വെളിച്ചമില്ലാത്തതിനാൽ അപകട സാദ്ധ്യത വർദ്ധിക്കുന്നത് കണക്കിലെടുത്താണിത്. കൂടാതെ നിർമ്മാണ സാമഗ്രികളും ബാരിക്കേഡുകളും ഇരുട്ടുമൂലം യാത്രക്കാർക്ക് കാണാനും സാധിക്കില്ല. എത്ര തെരുവ് വിളക്കുകളാണ് ആവശ്യമെന്നത് തീരുമാനിച്ചിട്ടില്ല. തെരുവ് വിളക്കുകൾ സ്ഥാപിക്കേണ്ട സ്ഥലങ്ങൾ കണ്ടെത്തിയ ശേഷം ഈ ആഴ്ച തന്നെ ടെൻഡർ നടപടികളിലേക്ക് കടക്കും. അഞ്ചുലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുക. പാലത്തിന്റെ നിർമ്മാണ പ്രവ‌ർത്തനങ്ങൾ പൂർത്തിയാകാൻ രണ്ടുവർഷത്തിലധികം എടുക്കുമെന്നതിനാൽ തെരുവ് വിളക്കുകൾ സ്ഥാപിക്കണമെന്ന ആവശ്യം നഗരവാസികളിൽ നിന്ന് ഉയ‌ർന്നിരുന്നു. ടെൻഡർ നടപടികൾ പൂർത്തിയായി അടുത്തമാസം ആദ്യംതന്നെ തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാനാണ് ലക്ഷ്യം.

ഔട്ട്പോസ്റ്റിൽ നിന്ന് നഗരചത്വരത്തിലേക്കുള്ള റോഡും കോടതിപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്ന വിവിധ റോഡുകളിലും തെരുവ് വിളക്കുകൾ സ്ഥാപിക്കും. ടെൻഡർ നടപടികൾ പൂർത്തിയാക്കി എത്രയും തെരുവ് വിളക്കുകൾ സ്ഥാപിക്കാനാണ് നഗരസഭയുടെ ലക്ഷ്യം

-പി.എസ്.എം ഹുസൈൻ,

വൈസ് ചെയർമാൻ,

നഗരസഭ