
ഹരിപ്പാട്: പാടത്ത് നിന്ന് മടങ്ങുന്നതിനിടെ കർഷകതൊഴിലാളിയായ സ്ത്രീകൾക്ക് ഷോക്കേറ്റു, ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. പള്ളിപ്പാട് പഞ്ചായത്ത് വടക്കേക്കര കിഴക്ക് പുത്തൻപുരയിൽ സരളയാണ് (64) മരിച്ചത്. വടക്കേക്കര കിഴക്ക് നേരിയംപറമ്പിൽ ലതയെ (58) പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പള്ളിപ്പാട് പഞ്ചായത്ത് മൂന്നാം വാർഡിൽ പനമുട്ട്കാട് പാടശേഖരത്തിലെ ജോലിക്ക് ശേഷം
മടങ്ങവെ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. മോട്ടോർ പുരയ്ക്ക് സമീപത്തെ പോസ്റ്റിലെ
പൊട്ടിക്കിടന്ന സ്റ്റേ കമ്പിയിൽ ലത പിടിക്കുകയും ഷോക്ക് ഏൽക്കുകയുമായിരുന്നു. ലതയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് സരളയ്ക്ക് ഷോക്കേറ്റത്. ഇരുവരും പാടത്തേക്ക് തെറിച്ചു വീണു. സരള പാടത്തെ വെള്ളത്തിലേക്കാണ് വീണത്. ഇതേസമയം സ്റ്റേ കമ്പി സരളയുടെ ദേഹത്തേക്ക് വീഴുകയും ചെയ്തു. ലത മറ്റൊരു ഭാഗത്തേക്ക് വീണതിനാൽ പരിക്കുകളോടെ രക്ഷപ്പെട്ടു. സമീപത്തുണ്ടായിരുന്ന മറ്റുതൊഴിലാളികൾ ബഹളംവച്ച് ആളെ കൂട്ടിയെങ്കിലും വൈദ്യുതി കമ്പി വെള്ളത്തിൽ കിടക്കുന്നതിനാൽ ആക്കും അടുത്തേക്ക് പോകാൻ കഴിഞ്ഞില്ല. തുടർന്ന് ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഇരുവരെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും സരളയെ രക്ഷിക്കാനായില്ല.
മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് വൈകിട്ട് 3ന് സംസ്കാരിക്കും. ഭർത്താവ്: രഘു. മക്കൾ: നിഷാര, നീതു. മരുമക്കൾ: രതീഷ്, രാജേഷ്.
അതേസമയം, അപകടത്തിന് കാരണം കെ.എസ്.ഇ.ബി യുടെ അനാസ്ഥയെന്ന് നാട്ടുകാർ ആരോപിച്ചു. മോട്ടോർ പുരയിലേക്കും സമീപത്തെ വീടുകളിലേക്കും വൈദ്യുതി എത്തിക്കുന്ന പോസ്റ്റിലെ സ്റ്റേ കമ്പി പൊട്ടിക്കിടക്കുന്ന കാര്യം കെ.എസ്.ഇ.ബി ഓഫീസിൽ അറിയിച്ചിരുന്നതായും എന്നാൽ, യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും നാട്ടുകാർ പറയുന്നു.