ആലപ്പുഴ: ജില്ലാ ദുരന്ത നിവാരണ അതോറിട്ടിയുടെ (ഡി.ഡി.എം.എ) ക്യാമ്പസ് സുരക്ഷയും ദുരന്ത പ്രതിരോധ മുൻകരുതലുകളും എന്ന പദ്ധതിയുടെ ഉദ്ഘാടനം അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനമായ ഇന്ന് വൈകിട്ട് 3ന് പുന്നപ്ര കാർമൽ എൻജിനിയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ മന്ത്രി സജി ചെറിയാൻ നിർവഹിക്കും.
ക്യാമ്പസ് റാപിഡ് ആക്ഷൻ ടീമിന്റെ ഔദ്യോഗിക പ്രഖ്യാപന ചടങ്ങുംഇവർക്കായി തയ്യാറാക്കിയ ദുരന്ത നിവാരണ കൈപ്പുസ്തക പ്രകാശനവും മന്ത്രി നിർവഹിക്കും.
സംസ്ഥാനത്ത് ആദ്യമായി കോളേജ് വിദ്യാർത്ഥികളിൽ ദുരന്തനിവാരണ ബോധം വളർത്തുക,അടിയന്തരാവസ്ഥകളിൽ വേഗത്തിലും ഫലപ്രദമായും പ്രതികരിക്കാൻ നേതൃത്വ ശേഷിയും ഉത്തരവാദിത്വബോധവും രൂപപ്പെടുത്തുക തുടങ്ങിയ ലക്ഷ്യവുമായി രൂപീകരിച്ച പദ്ധതിയാണിത്. ഒരു കോളേജിൽ നിന്ന് 100 വിദ്യാർത്ഥികളെ തിരഞ്ഞെടുത്താണ് പരിശീലനം.സംസ്ഥാന , ജില്ലാ ദുരന്തനിവാരണ അതോറിട്ടികൾ , അടിയന്തര സേവന വിഭാഗങ്ങൾ , ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട കോളേജുകളിലെ അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.