ഹരിപ്പാട്: കടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറിന്റെ ഭാഗം കുരുങ്ങി വള്ളത്തിനും വലയ്ക്കും കേടുപാടുണ്ടായി. ആറാട്ടുപുഴ നാലുതെങ്ങിൽ മുഹമ്മദ് ഷാഫിയുടെ ഉടമസ്ഥതയിലുള്ള സഞ്ചാരി വള്ളത്തിനും വലയ്ക്കുമാണ് നാശമുണ്ടായത്. ആലപ്പാട് അഴീക്കൽ പടിഞ്ഞാറ് മത്സ്യബന്ധനം നടത്തുമ്പോഴാണ് കണ്ടെയ്‌നറിന്റെ അവശിഷ്ടം കുടുങ്ങിയത്. സമീപത്തുണ്ടായിരുന്ന മിന്നൽക്കൊടി വളളത്തിലെ തൊഴിലാളികളുടെ സഹായത്തോടെയാണ് കണ്ടെയ്‌നർ ഭാഗം വലിച്ചു കയറ്റിയത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. തറയിൽക്കടവ് പുത്തൻമണ്ണേൽ സാബുവിന്റെ ഉടമസ്ഥയിലുളള സ്‌നേഹ ദീപം വളളത്തിന്റെ വലയ്ക്കും കൊല്ലം തീരത്തിന് പടിഞ്ഞാറുവെച്ച് കണ്ടെയ്‌നറിൽ ഉടക്കി നാശമുണ്ടായി.