തുറവൂർ: എരമല്ലൂർ കോന്നനാട് ഭഗവതി ക്ഷേത്രം പ്രസിഡന്റും കുടപുറം ദേവസ്ഥാനപുരം സുബ്രഹ്മണ്യ ക്ഷേത്രം മേൽശാന്തിയുമായ എരമല്ലൂർ കായിപ്പുറത്ത് ടി.കമലനെ (കമലൻ ശാന്തി -54) മരുമകന്റെ ബന്ധുക്കൾ ക്രൂരമായി മർദ്ദിച്ചതായി പരാതി. മുൻഭാഗത്തെ രണ്ടു പല്ലുകൾ അടർന്നു പോകുകയും അവശ നിലയിലാകുകയും ചെയ്ത കമലനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരം മൂന്നിനായിരുന്നു സംഭവം. പ്രണയിച്ച യുവാവുമായി ശാന്തിയുടെ മകൾ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വിവാഹിതയായത്. വിവാഹത്തിന് പങ്കെടുത്തെങ്കിലും പിന്നീട് മകളെ കാണാനോ,​ സംസാരിക്കാനോ കഴിയാതിരുന്നതിൽ കമലൻ വലിയ മനോവിഷമത്തിലായിരുന്നു. ഇതേത്തുടർന്ന് മകളെ വിവാഹം കഴിച്ചയച്ച വീട്ടിലേക്ക് കമലൻ ചില ബന്ധുക്കളുമായി പോയി. മരുമകൻ സ്നേഹത്തോടെ വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും ഇത് തടഞ്ഞ ബന്ധുക്കളിൽ ചിലർ സംഘം ചേർന്ന് കമലനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കമലന്റെ മുൻഭാഗത്തെ രണ്ടു പല്ലുകൾ അടർന്നു പോയി. തടയാനെത്തിയ കമലന്റെ മകൻ ഹരികൃഷ്ണനും (21) മർദ്ദനമേറ്റു. അവശനിലയിലായ കമലനെ ഉടൻതന്നെ തുറവൂർ ഗവ. ആശുപത്രിയിലും തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അരൂർ പൊലീസിൽ പരാതി നൽകി.