ആലപ്പുഴ: കവിയും ഗാനരചയിതാവുമായ പൂച്ചാക്കൽ ഷാഹുലിന്റെ ജന്മദിനാഘോഷം 18, 19 തീയതികളിൽ നടക്കുമെന്ന് സംഘാടനകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.18ന് ഉച്ചക്ക് 2.30ന് പൂച്ചാക്കൽ ഷാഹുലിന്റെ വസതിയായ
പാണാവള്ളി ഷാലിമാറിൽ ''ഗുരുപൂർണിമ ഓർമച്ചെരാതുകൾ' എന്ന പേരിൽ ശിഷ്യരുടെയും സഹപ്രവർത്തകരുടെയും സംഗമം നടക്കും. പൂച്ചാക്കൽ ഷാഹുലിന്റെ അദ്ധ്യാപകനാവി.മുരളീധരമേനോൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് കലാകാരൻമരുടെ സംഗമം.
19ന് രാവിലെ 9.30ന് തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നാടക പ്രവർത്തകരുടെ സംഗമമായ ''അരങ്ങും അണിയറയും''മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. പൂച്ചാക്കൽ ഷാഹുൽ ഫൗണ്ടേഷൻ ഉദ്ഘാടനവും പ്ലസ്ടു പരീക്ഷയിൽ മലയാളത്തിന് കൂടുതൽ മാർക്ക് നേടിയവർക്കുള്ള എൻഡോവ്‌മെന്റ് വിതരണവും മുൻ ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. ഇൻസ കേരള ഘടകം പ്രസിഡന്റ് ജസ്റ്റിസ് കെ. സുകുമാരൻ മുഖ്യാതിഥിയാകും. കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി മുഖ്യ പ്രഭാഷണം നടത്തും. പാലസ്തീൻ ഐക്യദാർഢ്യം ഏകപാത്ര നാടകം 'മഖ്ബറ' അരങ്ങേറും.
വൈകിട്ട് മൂന്നിന് ആയിരം പൗർണമി ആദരപൂർവം സമ്മേളനം കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. പൂച്ചാക്കൽ ഷാഹുലിന് പൗരാവലിയുടെ ആദരവ് മന്ത്രി വി.എൻ. വാസവൻ സമർപ്പിക്കും. തുടർന്ന് ആലപ്പി രമണൻ അവതരിപ്പിക്കുന്ന ഒറ്റയാൾ കഥാപ്രസംഗവും അരങ്ങേറും. വാർത്തസമ്മേളനത്തിൽ സംഘാടകസമിതി കൺവീനർ ടി.വി. ഹരികുമാർ കണിച്ചുകുളങ്ങര, ജോയന്റ് കൺവീനർ സദാനന്ദൻ പാണാവള്ളി, സവാക് ജില്ലസെക്രട്ടറി പി. നളിനപ്രഭ, ഗിരീഷ് പാണാവള്ളി, ബി. ഹരിദാസ് എന്നിവർ പങ്കെടുത്തു.