
കഞ്ചാവ് വലിക്കാൻ പ്രത്യേക മുറി
ആലപ്പുഴ: എറണാകുളത്ത് നിന്ന് എം.ഡി.എം.എ എത്തിച്ച് വില്പന നടത്തി വന്നിരുന്ന അമ്മയും മകനും അറസ്റ്റിൽ. അമ്പലപ്പുഴ കരൂർ കൗസല്യ നിവാസിൽ സൗരവ് ജിത്ത് (18), മാതാവും അഭിഭാഷകയുമായ സത്യമോൾ (46) എന്നിവരെയാണ് പറവൂരിലെ ഹോട്ടലിന് മുന്നിൽ വച്ച് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുന്നപ്ര പൊലീസും ചേർന്ന് പിടികൂടിയത്. മൂന്ന് ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്ന് കണ്ടെടുത്തു.
മാസത്തിൽ പലതവണ എറണാകുളത്തുനിന്ന് ലഹരി വാങ്ങിയയേഷം നാട്ടിലെത്തിച്ച് വില്പന നടത്തി ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. കരുനാഗപ്പള്ളി കുടുംബ കോടതിയിലെ അഭിഭാഷകയായ സത്യമോൾ കാറിൽ അഭിഭാഷകയുടെ അടയാളം പതിച്ചാണ് പൊലീസിന്റെ പരിശോധനയിൽ നിന്ന് രക്ഷപ്പെട്ടിരുന്നത്.
ഇവരുടെ വീട്ടിൽ കഞ്ചാവ് വലിക്കാൻ പ്രത്യേക സ്ഥലം തന്നെ ഒരുക്കിയിരുന്നു. യുവാക്കൾ രാത്രി കാലങ്ങളിൽ ഇവിടെ നിത്യ സന്ദർശകരായിരുന്നു. വീട്ടിൽ അമ്പലപ്പുഴ പൊലിസ് നടത്തിയ പരിശോധയിൽ 2.5 ഗ്രാം എം.ഡി.എം.എ, 40 ഗ്രാം കഞ്ചാവ്, 2 ഗ്രാം ഹൈബ്രീഡ് കഞ്ചാവ്, കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഒ.സി.ബി പേപ്പർ, പ്ലാസ്റ്റിക് കവറുകൾ എന്നിവ പിടികുടി. ജില്ലാ ലഹരിവിരുദ്ധ ടീം മാസങ്ങളായി ഇവരെ നിരീക്ഷിച്ചുവരുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി എം.പി മോഹനചന്ദ്രന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ബി.പങ്കജാക്ഷന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ആമ്പലപ്പുഴ ഡിവൈ.എസ്.പി കെ.എൻ. രാജേഷിന്റെ നേതൃത്വത്തിൽ പുന്നപ്ര എസ്.ഐ എസ്.അരുൺ, സീനിയർ സി.പി.ഒമാരായ രാജേഷ് കുമാർ, അഭിലാഷ്, സി.പി.ഒമാരായ മുഹമദ് സാഹിൽ, കാർത്തിക എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത് .