ആലപ്പുഴ: ജില്ലയിലെ വിവിധ കൃഷി ഓഫീസുകളിൽ കൃഷി ഓഫീസർ തസ്തികളിലാളില്ല. കുട്ടനാട്ടിലുൾപ്പെടെ ഒരുഡസനോളം കൃഷി ഓഫീസുകളിലാണ് കൃഷി ഓഫീസർമാരില്ലാത്തത്. കൃഷി ഓഫീസർമാർക്ക് അസി. ഡയറക്ടർമാരായി സ്ഥാനക്കയറ്റം നൽകിയതിനെ തുടർന്നാണ് കൃഷി ഓഫീസർ കസേരകളിൽ ആളില്ലാതായത്. എന്നാൽ ജില്ലയിലെ ഒഴിവുകളിൽ നിയമനം നടത്തുന്നതിനായി പി.എസ്.സി ലിസ്റ്റിലുള്ളവർക്ക് അഡ്വൈസ് മെമ്മോ അയച്ചിട്ടുണ്ടെന്നും ഉടൻ നിയമനം ലഭിച്ചവർ ഉടൻ ചുമതലയേൽക്കുമെന്നുമാണ് ജില്ല പ്രിൻസിപ്പൽ കൃഷി ഓഫീസിൽ നിന്ന് ലഭിക്കുന്ന വിവരം. നെടുമുടി, എടത്വ, തലവടി, വെളിയനാട്, മുട്ടാർ, ഹരിപ്പാട്, വീയപുരം, ചെട്ടിക്കുളങ്ങര, ചെന്നിത്തല, തഴക്കര, പാലമേൽ, കടക്കരപ്പള്ളി കൃഷി ഓഫീസുകളിലാണ് കൃഷി ഓഫീസർ കസേരകൾ കാലിയായത്. നെല്ല് സംഭരണമുൾപ്പെടെ കുട്ടനാടൻ മേഖലയിലെ കൃഷി ഓഫീസുകളിലെ ജോലി തലവേദനയായതിനാൽ കൃഷി ഓഫീസർമാരിൽ പലരും ഇവിടെ ജോലിക്കെത്തിക്കാൻ വിസമ്മതിക്കുന്ന സാഹചര്യമാണുള്ളത്. മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കുട്ടനാട്ടിൽ ഇത്തവണ താമസിച്ച് രണ്ടാം കൃഷിയിറക്കേണ്ടിവന്നതും കൊയ്ത്തിനനുസരിച്ച് പുഞ്ചകൃഷിയിലും കാലതാമസത്തിനിടയാക്കുന്നതും കർഷകർക്കിടയിൽ ആശയക്കുഴപ്പത്തിന് കാരണമായിട്ടുണ്ട്. രണ്ടാം കൃഷിയുടെ കൊയ്ത്തിനുള്ള രജിസ്ട്രേഷൻ പുരോഗമിക്കവേ അടുത്ത കൃഷിയ്ക്കുള്ള വിത്ത് ലഭ്യമാക്കലുൾപ്പെടെ കൃഷി ഓഫീസുകൾ മുഖാന്തിരം പൂർത്തിയാക്കേണ്ട നടപടികൾക്കുംകൃഷി ഓഫീസർമാരുടെ സേവനം കൂടിയേ മതിയാകൂ.
........
# കൃഷി ഓഫീസർമാരുടെ സേവനം അനിവാര്യം
കുട്ടനാട് അപ്പർ കുട്ടനാട് മേഖലകളിൽപുതുതായി നിയമനം ലഭിച്ച് ആളുകളെത്തിയാൽ തന്നെ കുട്ടനാട്ടിലെ പ്രത്യേക സാഹചര്യവും കൃഷി രീതികളുമായി പൊരുത്തപ്പെടാൻ മാസങ്ങളെടുക്കും. തുലാവർഷത്തിന് പിന്നാലെ കരകൃഷികളുടെയും പച്ചക്കറി കൃഷികളുടെയും സീസണായിരിക്കെ അതുമായി ബന്ധപ്പെട്ട വിവിധ സ്കീമുകളുടെ നടത്തിപ്പിനും ഇൻഷുറൻസ് പദ്ധതി, വിവിധ സർവെകൾ, കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെയുള്ള വിവിധ പദ്ധതികൾ എന്നിവയുടെ നടത്തിപ്പിനും കൃഷി ഓഫീസർമാരുടെ സേവനം അനിവാര്യമാണ്.