ആലപ്പുഴ: നഗരസഭയുടെ നേതൃത്വത്തിൽ സ്കൂളുകളിൽ ആരംഭിക്കാനിരുന്ന ഫ്‌ളെഡ് ലൈറ്റ് ടർഫ് പദ്ധതി ഉപേക്ഷിക്കുന്നു. ഫണ്ടിന്റെ അപര്യാപ്തത മൂലമാണ് പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്തതെന്ന് നഗരസഭ അധികൃതർ പറഞ്ഞു. ഈ കൗൺസിലിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് നിർമ്മാണം പൂർത്തീകരിക്കുമെന്നായിരുന്നു നഗരസഭ നേരത്തെ അറിയിച്ചിരുന്നത്. എല്ലാ മേഖലയിലും ഫണ്ട് കണ്ടെത്തേണ്ടതിനാലാണ് പദ്ധതി ഉപേക്ഷിക്കുന്നത്. 75 ലക്ഷം രൂപയായിരുന്നു രണ്ട് സ്കൂളുകളിൽ ടർഫ് നിർമ്മിക്കുന്നതിനായി ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരുന്നത്.
കായികമേഖലയെ വളർത്തുന്നതിനാണ് പദ്ധതി ആരംഭിക്കുന്നതെന്നായിരുന്നു ബഡ്ജറ്റിൽ പറഞ്ഞിരുന്നത്. പദ്ധതി രൂപീകരണം വരെ എത്തിയെങ്കിലും ടർഫ് നിർമ്മാണം മുന്നോട്ട് കൊണ്ടുപോകാനായില്ല.നഗരത്തിൽ ഗവ. മുഹമ്മദൻസ് എച്ച്.എസ്.എസ്, കൊറ്റംകുളങ്ങര ഗവ.എച്ച.എസ്.എസ് എന്നീ സ്കൂളുകളായിരുന്നു ടർഫ് നിർമ്മാണത്തിന് തിരഞ്ഞെടുത്ത്. വൃത്തിയുള്ള കളിക്കളങ്ങൾ, മഴക്കാലത്ത് വെള്ളത്തിലും ചെളിയിലും കളിക്കണ്ട എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളായിരുന്നു നൽകിയിരുന്നത്.
'സ്‌പോർട്‌സാണ് ലഹരി' ക്യാമ്പയിനിന്റെ ഭാഗമായാണ് പദ്ധതി ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരുന്നത്. ആധുനിക സജ്ജീകരണങ്ങൾ, കായിക മത്സരങ്ങൾക്കുള്ള വേദി, കുട്ടികൾക്ക് പരിശീലനം നടത്താനുള്ള ഇടം എന്നിങ്ങനെയായിരുന്നു പദ്ധതി വിഭാവനം ചെയ്തിരുന്നത്.