thalavadi

ആലപ്പുഴ: അഞ്ചുവർഷത്തിനിടയിൽ ലൈഫ് ഭവന പദ്ധതിയിലൂടെ തലവടി ഗ്രാമപഞ്ചായത്തിലെ 152 പേർക്ക് വീട് നിർമ്മിച്ചു നൽകിയതായി വികസനസദസ്. 53 വീടുകളുടെ നിർമ്മാണം വിവിധ ഘട്ടങ്ങളായി പുരോഗമിക്കുകയാണെന്നും തലവടി ഗ്രാമപഞ്ചായത്ത് വികസന സദസിൽ അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോർട്ടിൽ പറയുന്നു. ശ്രീ ചക്കുളത്തുകാവിലമ്മ മിനി ഓഡിറ്റോറിയത്തിൽ നടന്ന സദസ് തോമസ് കെ. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. തലവടി പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി. നായർ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷ ബിനു ഐസക് രാജു അതിദാരിദ്ര്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനവും പ്രോഗ്രസ്സ് റിപ്പോർട്ട് പ്രകാശനവും നിർവഹിച്ചു.റിസോഴ്സ് പേഴ്സൺ ബിനു ഗോപാൽ സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും പഞ്ചായത്ത് സെക്രട്ടറി കെ.ജയന്തി പഞ്ചായത്തിന്റെ നേട്ടങ്ങളും അവതരിപ്പിച്ചു. ആസൂത്രണ സമിതി ഉപാധ്യക്ഷനും നിർവഹണ ഉദ്യോഗസ്ഥനുമായ കുരുവിള തോമസ് ഓപ്പൺ ഫോറം നയിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോജി എബ്രഹാം, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കൊച്ചുമോൾ ഉത്തമൻ,ജോജി എബ്രഹാം, സുജി സന്തോഷ്, ബിന്ദു എബ്രഹാം,ബ്ലോക്ക് പഞ്ചായത്ത് അംഗം ആനി ഈപ്പൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാറാക്കുട്ടി ഫിലിപ്പോസ്,ജോജി ജെ.വൈലപ്പളളി, കലാ മധു, എൻ. പി രാജൻ,അരുൺ പി.ജേക്കബ്, സി.ഡി.എസ്.ചെയർപേഴ്സൺ ഉഷ വിക്രമൻ, ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.ആർ.റെജി തുടങ്ങിയവർ പങ്കെടുത്തു.