ആലപ്പുഴ: സ്ത്രീകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ജീവിതശൈലി രോഗങ്ങളെ അകറ്റി നിർത്തുന്നതിനും സ്ത്രീകൾക്കു മാത്രമായി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഷീ വെൽനസ് സെന്റർ (വനിതാ ജിം) ആരംഭിക്കുന്നു. ബ്ലോക്ക് പഞ്ചായത്തിൽ നടന്ന നിർമ്മാണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ടെൽഷ്യ നിർവഹിച്ചു.
വനിതാ ജിമ്മിന്റെ പ്രവർത്തനങ്ങൾക്കായി 35 ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. 20 ലക്ഷം രൂപ ജിം നിർമ്മാണത്തിനും 15 ലക്ഷം രൂപ ജിം ഉപകരണങ്ങൾ വാങ്ങുന്നതിനും വിനിയോഗിക്കും. ജനുവരി ആദ്യവാരത്തിൽ ജിം പ്രവർത്തനം ആരംഭിക്കും. രാവിലെ അഞ്ചു മുതൽ 10 വരെയും വൈകിട്ട് അഞ്ച് മുതൽ രാത്രി 10 വരെയുമായിരിക്കും ജിം പ്രവർത്തിക്കുക. വനിത പരിസീലകരാണ് പരിശീലനം നൽകുക. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെ പഴയ കെട്ടിടത്തിന്റെ രണ്ടാം നിലയണ് ജിം സജ്ജീകരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ജീവൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ വിജയകുമാരി, വി .കെ സാബു, ജയ പ്രതാപൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എ. യു. അനീഷ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ .മൃദുല, എൽ .എസ്.ജി .ഡി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനിയർ കെ. ബി ജിനേഷ്, അസി.എൻജിനിയർ ദിവ്യ ജോൺ തുടങ്ങിയവർ പങ്കെടുത്തു.