efesfd

അരൂർ: അരൂർ -കുമ്പളങ്ങിപാലം നിർമ്മാണം വഴിമുടക്കുന്നതായി നാട്ടുകാർ.

അരൂർ ഫെറിയിൽ കെൽട്രോൺ കമ്പനിക്ക് സമീപമുള്ള റോഡിലാണ് വഴിമുടക്കി

നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്. അരൂരിലെ ദേശീയപാതയിലെത്താൻ നൂറുകണക്കിന് ആളുകൾ കുമ്പളങ്ങിയിൽ നിന്ന് ദിവസവും രാവിലെയും വൈകിട്ടും ബോട്ട് ഇറങ്ങി ഇക്കരയെത്തുന്നത് ഇതുവഴിയാണ്. അപകടകരമായ നിലയിൽ നിൽക്കുന്ന കമ്പികൾക്കിടയിലൂടെ വേണം അവർക്ക് ഇവിടെ എത്താൻ. കായലിൽ തൂണുകൾ നാട്ടുന്നതിനാവശ്യമായ കമ്പി വളയ്ക്കുന്നതും കെട്ടുന്നതുമെല്ലാം റോഡിലിട്ടാണ്. കായൽക്കരയിൽ താമസിക്കുന്നവർക്ക് ദൈനംദിന കാര്യങ്ങൾക്കും തൊഴിൽ ആവശ്യങ്ങൾക്കും പുറത്തുപോകാൻ സാധിക്കാത്ത വിധത്തിൽ റോഡ് തടസപ്പെടുത്തിയാണ് പാലം നിർമ്മാണം നടക്കുന്നത്.

ഇതിനെതിരെ നാട്ടുകാർ അരൂർ പഞ്ചായത്തിൽ പരാതി നൽകിയിട്ട് നാളുകളായിട്ടും പരിഹാരമുണ്ടായില്ല. യാത്രക്കാർക്ക് തടസമില്ലാത്ത വിധത്തിൽ നിർമ്മാണ പ്രവർത്തനം നടത്തിയില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നാണ് പ്രദേശവാസികളും യാത്രക്കാരും പറയുന്നത്.

അനുവദിച്ചസ്ഥലം വേണ്ട

അരൂർ -കുമ്പളങ്ങിപാലം നിർമ്മാണത്തിനോടനുബന്ധിച്ചുള്ള ജോലികൾക്കായി

അരയേക്കറോളം സ്ഥലം കെൽട്രോൺ വളപ്പിൽ അനുവദിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ,​ ആ സ്ഥലം ഉപയോഗിക്കാൻ കരാർകാരന് താത്‌പര്യമില്ല.

അതുകൊണ്ടാണ് യാത്രക്കാർക്ക് ദുരിതമായി റോഡിലിട്ട് നിർമ്മാണ ജോലികൾ നടത്തുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.