vkm

വള്ളികുന്നം: വള്ളികുന്നം പഞ്ചായത്തിൽ പശ്ചാത്തല സൗകര്യ വികസനത്തിനായി 14.3 കോടി രൂപ ചെലവഴിച്ചതായി വള്ളികുന്നം പഞ്ചായത്ത് വികസന സദസ്. ഭാവി വികസനം സംബന്ധിച്ച പൊതുജനാഭിപ്രായം സ്വരൂപിക്കാൻ വള്ളികുന്നം ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച വികസന സദസ്സിലാണ് പഞ്ചായത്ത് നടത്തിയ വികസനപ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയത്. ലൈഫ് ഭവന പദ്ധതി വഴി 154 വീടുകൾ പൂർത്തീകരിച്ചു നൽകി. 67 വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. 85 ഭൂരഹിതർക്ക് ഭൂമി നൽകിയതായും സദസിൽ അവതരിപ്പിച്ച പ്രോഗ്രസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

ചൂനാട് ഹിബാസ് കൺവെൻഷൻ സെന്ററിൽ നടന്ന സദസ് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു. ക്ഷീര മേഖലയ്ക്കും കാർഷിക മേഖലയ്ക്കും വനിത ശിശു വികസനത്തിനും വയോജന ഭിന്നശേഷി ക്ഷേമത്തിനും പ്രാധാന്യം നൽകിയായിരുന്നു പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ. അതിദാരിദ്ര്യത്തിൽ കഴിഞ്ഞിരുന്ന 12 പേരെ സുരക്ഷിതരാക്കി.സദസിന്റെ ഭാഗമായി കലാസാംസ്കാരിക പ്രവർത്തകർ, ഹരിതകർമ്മസേനാഗംങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരെ ആദരിച്ചു. വള്ളികുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. രോഹിണി അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് എൻ. മോഹൻകുമാർ, റിസോഴ്സ് പേഴ്സൺ ടി.വി. ജയൻ, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.വി. അഭിലാഷ് കുമാർ, അഡ്വ. കെ .വിജയൻ, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ മിനി പ്രഭാകരൻ, ജെ. രവീന്ദ്രനാഥ്, റൈഹാനത്ത്, പഞ്ചായത്തംഗങ്ങളായ ആർ. രാജി, ഉഷാപുഷ്കരൻ, ബിജി പ്രസാദ്, പി. കോമളൻ, ഇന്ദുകൃഷ്ണൻ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.