മാവേലിക്കര: ശബരിമല വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മാവേലിക്കര നൂറനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെയും ചെട്ടികുളങ്ങര മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തിൽ വിശ്വാസ സംരക്ഷണ വിളമ്പരജാഥ നടത്തുവാൻ നിയോജകമണ്ഡലം കോൺഗ്രസ് നേതൃസമ്മേളനം തീരുമാനിച്ചു. നാളെ തട്ടാരമ്പലം ദേവി ക്ഷേത്രത്തിന് മുന്നിൽ നിന്ന് ചെട്ടിളങ്ങര ദേവിക്ഷേത്രത്തിന് മുന്നിലേക്കാണ് വിശ്വാസ സംരക്ഷണ വിളമ്പരജാഥ നടത്തുന്നത്. നേതൃസമ്മേളനം ഡി.സി.സി പ്രസിഡന്റ് ബി.ബാബു പ്രസാദ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ മുരളീധരൻ, നൂറനാട് ബ്ലോക്ക് പ്രസിഡന്റ് ജി.ഹരിപ്രകാശ്, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ കെ.ഗോപൻ, കുഞ്ഞുമോൾ രാജു, ടി.കൃഷ്ണകുമാരി, ബി.രാജലക്ഷി, ലളിത രവീന്ദ്രനാഥ്, രാജൻ പൈനുംമൂട് തുടങ്ങിയവർ പങ്കെടുത്തു.